1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2021

സ്വന്തം ലേഖകൻ: ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാന്ന് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ വ്യോമസേന ഹെലികോപ്ടറുകളെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

അക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് സമീപത്തു നിന്ന് സംശയം തോന്നിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലേക്ക് 14 കിലോമീറ്റര്‍ ദുരമാണുള്ളത്. അതിനാല്‍ പാകിസ്താനില്‍ നിന്നുള്ള അക്രമണ സാധ്യതയും അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല. അടുത്തകാലത്ത് അതിര്‍ത്തി പ്രദേശത്തേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്താന്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു വിമാനത്താവളം, അംബാല, പഠാന്‍കോട്ട്, അവന്തിപോറ എന്നിവിടങ്ങളിലെ വ്യോമസേന താവളത്തില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രണ്ട് തീവ്രവാദികളെയും ജമ്മു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇവര്‍ക്ക് വിമാനത്താവളത്തിലെ സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ ആദ്യ സ്‌ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ അഞ്ചു മിനിറ്റുകള്‍ക്കകം രണ്ടാമത്തെ സ്‌ഫോടനവും നടന്നു. അതീവ സുരക്ഷാ മേഖലയില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നിരുന്നു. നടന്നത് ഡ്രോൺ ആക്രമണമാണെന്ന സാധ്യത ഇത് ബലപ്പെടുത്തുന്നു. രണ്ടാമത്തെ സ്‌ഫോടനം കെട്ടിടത്തിന് പുറത്തായതിനാല്‍ നാശനഷ്ടമില്ല. രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സ്‌ഫോടനത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

അക്രമണത്തില്‍ ജമ്മു കശ്മീര്‍ പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജമ്മു പോലീസിന് പുറമേ വ്യോമസേനയുടെ മേല്‍നോട്ടത്തിലും ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ മാര്‍ഷല്‍ വിക്രം സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഫോറന്‍സിക് സംഘവും ദേശീയ അന്വേഷണ ഏജന്‍സിയും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനകളും പുരോഗമിക്കുകയാണ്.

രാജ്യത്തെ ഒരു വ്യോമതാവളത്തില്‍ നടക്കുന്ന ആദ്യ ഡ്രോണ്‍ സ്‌ഫോടനം എന്ന നിലയില്‍ അക്രമം അതീവ ഗൗരവത്തോടെയാണ് വ്യോമസേന കാണുന്നത്. ഉന്നത വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു. ലഡാക്കിലുള്ള കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് റഡാറിന്റെ കണ്ണില്‍പ്പെടാതെ ഡ്രോണുകള്‍ക്ക് എങ്ങനെ അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. യാത്രാ വിമാനങ്ങളും സര്‍വീസ് നടത്തുന്ന ജമ്മു വിമാനത്താവളത്തിലെ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. അക്രമണത്തിന് പിന്നാലെ രണ്ട് വിമാന സര്‍വീസ് തടസപ്പെട്ടു. ഇവ ഒഴികെയുള്ള സര്‍വീസുകളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.