സ്വന്തം ലേഖകന്‍: കശ്മീരില്‍ നാടകീയ നീക്കവുമായി ഗവര്‍ണര്‍; നിയമസഭ പിരിച്ചുവിട്ടു; തീരുമാനം സര്‍ക്കാരുണ്ടാക്കാന്‍ പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികള്‍ കൈകോര്‍ത്തതിനു പിന്നാലെ. ബുധനാഴ്ച രാത്രിയായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ അപ്രതീക്ഷിത നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ പി.ഡി.പി.യുടെ നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.
കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണ പ്രഖ്യാപിച്ചതോടെ 87 അംഗ നിയമസഭയില്‍ പി.ഡി.പി.യ്ക്ക് 56 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ബി.ജെ.പി. സഖ്യകക്ഷിയായ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സാജദ് ഗനി ലോണും അവകാശവാദമുന്നയിച്ചു. ഇതിനിടെയാണ് നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനമിറങ്ങിയത്.
പി.ഡി.പി.യുമായുണ്ടാക്കിയ ഭരണസഖ്യത്തില്‍നിന്ന് ബി.ജെ.പി. പിന്മാറിയതിനെത്തുടര്‍ന്ന് ജൂണ്‍ 19നാണ് സംസ്ഥാനത്ത് ആറുമാസത്തെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. നിയമസഭ ഇതുവരെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ബി.ജെ.പി.ക്കെതിരേ സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ പി.ഡി.പി.യും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്.
പി.ഡി.പി.യുടെ മുതിര്‍ന്ന നേതാവ് അല്‍ത്താഫ് ബുഖാരിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനായിരുന്നു തീരുമാനം. തുടര്‍ന്ന്, മെഹബൂബ മുഫ്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചു. ശ്രീനഗറിലായതിനാല്‍ ജമ്മുവിലെത്തി ഗവര്‍ണറെ കാണാനാവില്ലെന്നും അതിനാലാണ് കത്തയയ്ക്കുന്നതെന്നും മെഹബൂബ പറഞ്ഞു.
ഇതോടെ 2019ലെ പൊതുതെരഞ്ഞെടുപ്പിനോടൊപ്പം കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയേറീ. കൂടാതെ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിര്‍ക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 87 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ 29 നിയമസഭാംഗങ്ങളാണ് പിഡിപിക്ക് ഉള്ളത്. കോണ്‍ഗ്രസ്12, നാഷനല്‍ കോണ്‍ഫറന്‍സ്15 എന്നിങ്ങനെയാണ് മറ്റു രണ്ടു കക്ഷികളുടെയും സീറ്റുനില. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് 44 സീറ്റാണ് കശ്മീരില്‍ വേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല