സ്വന്തം ലേഖകന്‍: ജമ്മു കശ്മീരിന് വന്‍ വികസന പാക്കേജുമായി മോദി, 80,000 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍. കശ്മീരി സംസ്‌കാരം, ജനാധിപത്യം, മാനവികത എന്നങ്ങനെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മുന്നോട്ടു വച്ച മൂന്നു മന്ത്രങ്ങളാണ് കശ്മീരിന്റെ വികസനത്തിന് അടിസ്ഥാനമായിരിക്കേണ്ടത് എന്നും പാക്കേജ് പ്രഖ്യാപിച്ച് മോദി വ്യക്തമാക്കി.
കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി ഷേര്‍– ഇ– കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ ഐശ്വര്യസമൃദ്ധമായ ആധുനിക കശ്മീര്‍ കെട്ടിപ്പടുക്കുന്നതിനു ഫണ്ടുകള്‍ ഒരു പരിമിതിയാകുകയില്ലെന്നും പ്രഖ്യാപിച്ചു. ഇതേസമയം, പാക്കിസ്ഥാനുമായുള്ള ചര്‍ച്ച പുനരാരംഭിക്കുമെന്നോ വിഘടനവാദികളുമായി ചര്‍ച്ചയാകാമെന്നോ മോദി പറഞ്ഞില്ല.
ഇത്തരം എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്നു ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതീക്ഷിച്ചിരുന്നു. തന്റെ പ്രസംഗത്തിലെങ്ങും ഇക്കാര്യം സ്പര്‍ശിക്കാതിരുന്ന മോദി കശ്മീരിനെക്കുറിച്ച് ഈ ലോകത്തു തനിക്കാരുടെയും ഉപദേശമോ വിശകലനമോ ആവശ്യമില്ലെന്നു പറഞ്ഞു.
‘മുന്നോട്ടുപോകാന്‍ അടല്‍ജിയുടെ മൂന്നു മന്ത്രങ്ങള്‍ ധാരാളം മതി. കശ്മീരില്ലെങ്കില്‍ ഇന്ത്യ അപൂര്‍ണമാണ്. കശ്മീരില്‍ ഉടലെടുത്ത സൂഫി പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് ഐക്യത്തിന്റെയും ഒത്തൊരുമയുടെയും പാഠങ്ങളാണ്’– മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വന്‍വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കുക, റോഡുകള്‍ വികസിപ്പിക്കുക, ആരോഗ്യം – ടൂറിസം മേഖലകളില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുക, കശ്മീരി പണ്ഡിറ്റുകളടക്കമുള്ള അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുക തുടങ്ങിയവയ്ക്കാണ് 80,000 കോടിയുടെ പാക്കേജ്. എന്നാല്‍, മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല മോദിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല