1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2019

സ്വന്തം ലേഖകൻ: ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിയില്ല. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറും.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചുമെടുത്ത കേന്ദ്ര തീരുമാനം 86 ദിവസം പിന്നിടുകയാണിന്ന്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍.കെ മാഥുറാണ് ലഡാക്കിലെ ലഫ്. ഗവര്‍ണര്‍. ലഡാക്കിന്റെ ആദ്യ ഗവര്‍ണര്‍ കൂടിയാണ് ഇദ്ദേഹം.

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീരിന്റെ ലഫ്. ഗവര്‍ണര്‍. ഇന്ന് രാജ്ഭവനില്‍വെച്ച് മുര്‍മു അധികാരമേല്‍ക്കും. പുതുച്ചേരിപോലെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കശ്മീര്‍. എന്നാല്‍ ലഡാക്കാകട്ടെ, ചണ്ഡീഗഢ് പോലെ നിയമസഭ ഇല്ലാത്ത കേന്ദ്രഭരണപ്രദേശവുമാണ്. രണ്ട് പ്രദേശത്തിന്റെയും ഭരണാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍മാരായിരിക്കും.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങളായിരുന്നു ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം സ്ഥിതിഗതികള്‍ പൂര്‍വ്വാവസ്ഥയിലെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ വാദമുന്നയിക്കുമ്പോഴും കശ്മീരില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ഈ വാദത്തെ നിഷേധിക്കുന്നുണ്ട്. കശ്മീരില്‍ ഇപ്പോഴും 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളുകളില്‍ എത്തിയതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 144-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രധാനമന്ത്രി മോദി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം താന്‍ സര്‍ദാര്‍ പട്ടേലിന് സമര്‍പ്പിക്കുന്നതായും പറഞ്ഞു.

“ആര്‍ട്ടിക്കിള്‍ 370 ഒരു മതിലായിരുന്നു. ആ മതില്‍ ഇപ്പോള്‍ ഇല്ലാതായി,” എന്നായിരുന്നു മോദിയുടെ വാക്കുകൾ.

“നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയെ ചാണക്യന്‍ ഐക്യപ്പെടുത്തി. അതിനുശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജഭരണങ്ങളെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിച്ചുകൊണ്ട് ഇതേ നേട്ടം കൈവരിച്ചു. ഇന്ത്യയെപ്പോലെ ബഹുസ്വരതയെ അംഗീകരിക്കുന്ന മറ്റൊരു രാജ്യവും ഇല്ല. സര്‍ദാര്‍ പട്ടേലിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലിയാണ് നമ്മുടെ ഈ ഐക്യം,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.