1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2016

സ്വന്തം ലേഖകന്‍: ആരോഗ്യനില മോശം, സ്ഥാനത്യാഗം ചെയ്യാനൊരുങ്ങി ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ. ചക്രവര്‍ത്തി എന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് ചക്രവര്‍ത്തി അകിഹിതോ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പത്തു മിനിറ്റു പ്രസംഗത്തിലാണ് സൂചിപ്പിച്ചത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായ എണ്‍പത്തിരണ്ടുകാരനായ അകിഹിതോയുടെ ആരോഗ്യനില അത്ര മെച്ചമല്ല.

2011ല്‍ ജപ്പാനില്‍ വ്യാപകനാശം വിതച്ച ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച അകിഹിതോ പിന്നീട് ഇപ്പോഴാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടു പ്രസംഗിക്കുന്നത്. ഏതാനും വര്‍ഷത്തിനുള്ളില്‍ സ്ഥാനത്യാഗത്തിനു ചക്രവര്‍ത്തി ആലോചിക്കുന്നതായി എന്‍എച്ച്‌കെ ടിവി കഴിഞ്ഞമാസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജപ്പാനിലെ ഭരണഘടന പ്രകാരം ചക്രവര്‍ത്തിക്കു രാജി വയ്ക്കാനാവില്ല. ജീവിതാന്ത്യംവരെയാണ് അദ്ദേഹത്തിന്റെ പദവി.

അകിഹിതോയ്ക്കു സ്ഥാനത്യാഗം ചെയ്യണമെങ്കില്‍ നിയമഭേഗതി കൊണ്ടുവരണം. ചക്രവര്‍ത്തിയുടെ പ്രസംഗത്തിലെ സൂചന കണക്കിലെടുത്ത് എന്തു ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. പിതാവ് ഹിരോഹിതോ ചക്രവര്‍ത്തിയുടെ നിര്യാണത്തെത്തുടര്‍ന്ന് 1989 ലാണ് അകിഹിതോ ചക്രവര്‍ത്തിയായത്.

അകിഹിതോ സ്ഥാനമൊഴിഞ്ഞാല്‍ 56 വയസുള്ള കിരീടാവകാശിയായ പുത്രന്‍ നറുഹിതോയായിരിക്കും പിന്‍ഗാമി. നരുഹിതോയ്ക്ക് ഒരു പുത്രി മാത്രമേയുള്ളു. ജപ്പാനിലെ നിയമപ്രകാരം വനിതകള്‍ക്ക് രാജസിംഹാസനത്തിന് അവകാശമില്ല. നരുഹിതോയ്ക്കുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അകിഷിനോ രാജകുമാരന്‍ കിരീടാവകാശിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.