1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2022

സ്വന്തം ലേഖകൻ: ജപ്പാന് മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് ഉത്തരകൊറിയ. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തരകൊറിയയുടെ ആക്രമണം. നടപടിക്ക് പിന്നാലെ ജപ്പാനില്‍ ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ജനങ്ങളെ ഒഴിപ്പിച്ചു. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ ജപ്പാന് മുകളില്‍ കൂടി പറന്നെന്നും പസഫിക് സമുദ്രത്തില്‍ അത് പതിച്ചുവെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ നടപടിയെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു. ‘മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ വെടിവെപ്പുമുണ്ടായി. ഉത്തകൊറിയയുടേത് അശ്രദ്ധമായ ഒരു നടപടിയാണ്. സംഭവത്തെ അപലപിക്കുന്നുവെന്നും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിസൈല്‍ 22 മിനിറ്റോളം ജപ്പാന് മുകളിലൂടെ പറന്നു, തുടര്‍ന്ന് രാജ്യത്തിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്തുള്ള സമുദ്രമേഖലയില്‍ പതിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ജനുവരി മുതല്‍ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിര്‍ണായകമായിരുന്നു ജപ്പാന് നേരെ തൊടുത്ത മിസൈല്‍. ഹ്വാസോങ്-12 എന്ന മധ്യധൂര മിസൈലിന് അമേരിക്കന്‍ അധീനതയിലുള്ള ഗുവാമില്‍ വരെ എത്തിപ്പെടാന്‍ ശേഷിയുണ്ട്.

മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മിസൈല്‍ തൊടുത്തുവിട്ടതിന് പിന്നാലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജാപ്പനീസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൊക്കായ്‌ഡോ, അമോരി പ്രദേശങ്ങളിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് സര്‍ക്കാര്‍ അറിയിപ്പുപുറത്തുവരുന്നതുവരെ റദ്ദാക്കിയത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഉത്തര കൊറിയ നടത്തിയ അഞ്ചാം റൗണ്ട് ആയുധ പരീക്ഷണമാണ് ജപ്പാന് മുകളില്‍ കൂടിയുള്ള ഈ മിസൈല്‍ വിക്ഷേപണം. ദക്ഷിണ കൊറിയയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് പ്രതികരണമായാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്നാണ് വിലയിരുത്തല്‍.

നേരത്തെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം ഹ്രസ്വദൂര മിസൈല്‍ വിക്ഷേപണമായിരുന്നു. പെനിന്‍സുലയ്ക്കും ജപ്പാനുമിടയില്‍ സമുദ്രത്തിലാണ് ഈ മിസൈലുകള്‍ പതിച്ചിരുന്നത്. ഉത്തരകൊറിയയിലുള്ള ലക്ഷ്യത്തിലേക്ക് വരെ എത്താന്‍ കഴിയുന്നതായിരുന്നു ഇവയുടെ പരമാവധി ദൂരപരിധി. ഈ വര്‍ഷം മാത്രം 20 വിക്ഷേപണപ്രവര്‍ത്തനങ്ങളിലൂടെ നാല്‍പ്പതിലധികം മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.