1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2020

സ്വന്തം ലേഖകൻ: വിദൂര ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. വാനനിരീക്ഷകര്‍ക്ക് മനോഹരമായ കാഴ്ചയായിരുന്നു ക്യാപ്‌സ്യൂളിന്റെ ഭൗമപ്രവേശനം. ജപ്പാന്റെ ബഹിരാകാശദൗത്യമായ ഹയാബുസ-2 ന്റെ ഭാഗമായായിരുന്നു സാംപിള്‍ ശേഖരണം. ഏകദേശം 0.1 ഗ്രാം തൂക്കം അളവ് വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉത്പത്തിയെ കുറിച്ച് സൂചന നല്‍കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ്(ജപ്പാന്‍ സമയം)പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ആറ് വര്‍ഷത്തിന് ശേഷം ക്യാപ്‌സ്യൂള്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ(JAXA) പങ്കുവെച്ചു. ഹയാബുസ-2 ല്‍ നിന്ന് ശനിയാഴ്ച വേര്‍പ്പെട്ട് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ക്യാപ്‌സ്യൂളില്‍ നിന്ന് ബീക്കണുകളുടെ സഹായത്തോടെ സാംപിളുകള്‍ വീണ്ടെടുത്തതായി ജാക്‌സ സ്ഥിരീകരിച്ചു.

തെക്കന്‍ ഓസ്‌ട്രേലിയ മരുഭൂമിയില്‍ നിന്ന് വീണ്ടെടുത്ത സാംപിളുകള്‍ പ്രാഥമികപരിശോധനയ്ക്ക് ശേഷം ജപ്പാനിലെത്തിക്കും. ഭൂമിയില്‍ നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള റ്യുഗു(Ryugu) ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിനായി 2014 ല്‍ ആണ് ദൗത്യമാരംഭിച്ചത്. ശേഖരിച്ചസാംപിളുകള്‍ക്ക് പ്രപഞ്ചോത്പത്തിയ്ക്ക് ശേഷം മാറ്റമുണ്ടായിട്ടില്ല എന്നാണ് ശാസ്ത്രനിഗമനം.

4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ പ്രപഞ്ചത്തിലുണ്ട് എന്നാണ് കരുതപ്പെടുന്നതെന്ന് ഹയാബുസ-2 ദൗത്യത്തിന്റെ മാനേജര്‍ മൊകോട്ടോ യോഷികാവ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.