1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2023

സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 75 കലാകാരന്മാരൊന്നു ചേർന്നൊരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ജയ ഹേ 2. 0 എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സുരേന്ദ്രോ മുള്ളിക്, സൗമ്യജിത് ദാസ് എന്നിവരാണ് പാട്ടിനു പിന്നിൽ. ദേശസ്നേഹമുണർത്തുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. രബീന്ദ്രനാഥ ടഗോർ രചിച്ച ഭാരത് ഭാഗ്യ വിധാതയ്ക്ക് അഞ്ച് പാരഗ്രാഫുകൾ ഉണ്ട്. ഇതിൽ ആദ്യ ഭാഗമാണ് രാജ്യത്തിന്റെ ദേശീയ ഗാനമായി തിരഞ്ഞെടുത്തത്. ജയ ഹേ 2.0ൽ ഈ കവിതയുടെ മുഴുവൻ ഭാഗവും ഉൾപ്പെടുത്തിയിരിക്കുന്നു.

ആശ ഭോസ്‌ലെ, കുമാർ സാനു, ഹരിഹരൻ, ഉദിത് നാരായണൻ, ശ്രേയ ഘോഷാൽ, സാധനാ സർഗ്ഗം, ബോംബെ ജയശ്രീ, മോഹിത് ചൗഹാൻ, ശുഭ മഡ്ഗിൽ, പാർവതി ബാവുൽ, ശ്രീനിവാസ്, ഉഷ ഉതുപ്പ് തുടങ്ങി നിരവധി ലോക പ്രശസ്ത ഗായകർ പാട്ടിന്റെ ഭാഗമായി. കെ.എസ്.ചിത്ര, സുജാത മോഹൻ, ശ്വേത മോഹൻ തുടങ്ങി മലയാളി സാന്നിധ്യവും ജയ ഹേ 2.0 യിലുണ്ട്. ഹരിപ്രസാദ് ചൗരസ്യ, അംജദ് അലി ഖാൻ, ശിവമണി തുടങ്ങിയ സംഗീതജ്ഞരും വിഡിയോയുടെ ഭാഗമായി.

കാലാതിവർത്തിയായ ജയ ഹേ എന്ന ഈണം കേൾക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ മാതൃരാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും ആരാധനയും നിറയുന്നു. ആ ആരാധനയ്ക്കുള്ള ആദരമാണ് ജയ ഹേ 2.0 എന്ന് പാട്ടിന്റെ പിന്നണി പ്രവർത്തകർ പറയുന്നു. തുടക്കം മുതൽ അവസാനം വരെ ദേശ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഈ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.