1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2016

സ്വന്തം ലേഖകന്‍: ജയലളിതക്ക് തമിഴ്മക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖര്‍ ചെന്നൈയില്‍. എം.ജി.ആര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചെന്നൈയിലെ മറീനയില്‍ തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. ദ്രാവിഡ നേതാക്കളായ പെരിയാര്‍, അണ്ണാദുരൈ, എം.ജി.ആര്‍ തുടങ്ങിയ നേതാക്കളുടെ പതിവു പിന്തുടര്‍ന്ന് ജയയുടെ മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം സംസ്‌കരിക്കുകയായിരുന്നു. തോഴി ശശികലയാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്.

മുന്‍ മാതൃക പിന്തുടര്‍ന്ന് ജയലളിതയുടെ മൃതദേഹവും സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സംസ്‌കാര ചടങ്ങിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന സര്‍ക്കാര്‍ സെക്രട്ടറി വ്യക്തമാക്കി. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച ജയലളിതയുടെ ഭൗതീക ശരീരം മറീന ബീച്ചിലേയ്ക്ക് കൊണ്ടുപോകവേ കരഞ്ഞു തളര്‍ന്ന തമിഴ്മക്കള്‍ നെഞ്ചത്തടിച്ച് അലമുറയിട്ടു….’അമ്മാ…മക്കള്‍ക്ക് ഇനി യാര്…’, ‘വിട്ടു പോയിടാതമ്മാ’… ആരായിരുന്നു അവര്‍ക്ക് ജയലളിത, എന്തായിരുന്നു അവര്‍ക്ക് ജയലളിത എന്നതെല്ലാം ആ കൂട്ട നിലവിളിയില്‍ കണ്ണീരുപോലെ തെളിഞ്ഞു കാണാമായിരുന്നു.

വിലാപയാത്ര കടന്നുപോകുന്ന വീഥിയ്ക്ക് ഇരുവശത്തും ഇരമ്പിയാര്‍ത്തുകൊണ്ടിരുന്ന തമിഴ്മക്കള്‍ അമ്മയ്ക്ക് പുഷ്പവൃഷ്ടി നടത്തി. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സ്‌നേഹം…രാജാജി ഹാളില്‍ നിന്നുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മൃതദേഹവും വഹിച്ചുകൊണ്ടുള്ള യാത്ര അധികൃതരെ ശരിക്കും വലച്ചു. അമ്മയെ അവസാനമായി ഒരുനോക്കു കാണാന്‍ പതിനായിരങ്ങള്‍ ഒരുമിച്ച് തിക്കിത്തിരക്കിയപ്പോള്‍ പലരും തളര്‍ന്നു വീഴുകയും ചെയ്തു.

വൈകുന്നേരം 4.15 ഓടെ രാജാജി ഹാളില്‍ നിന്നും പുറപ്പെട്ട വിലാപയാത്ര 5.45 ഓടെയാണ് ഒരു കിലോമീറ്റര്‍ താണ്ടി മറീന ബീച്ചില്‍ എത്തിയത്. അതിനിടെ ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി. അമ്മയുടെ വിയോഗ വാര്‍ത്ത താങ്ങാനാകാതെ നാല് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഹൃദയാഘാതം മൂലം മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചെന്നൈയിലെത്തി. ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തിയ മോഡി 1.30 ഓടെയാണ് ജയലളിതയുടെ ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന രാജാജി ?ഹാളിലെത്തിയത്. ജയലളിതയുടെ ഭൗതീക ശരീരത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച മോഡി തോഴി ശശികല, തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ളവരെ ആശ്വസിപ്പിച്ചു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ജയലളിതക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.