1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2016

സ്വന്തം ലേഖകന്‍: ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്. തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്‌കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുക.

ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ചടങ്ങുകള്‍ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ രാജാജി ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങിന് തുടക്കം കുറിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടക്കമുള്ള രാഷ്ട്രീയ നേതാക്കളും മറ്റ് സാംസ്‌കാരിക പ്രമുഖരും ചൊവ്വാഴ്ച അനുശോചന യോഗത്തില്‍ പങ്കെടുക്കാനെത്തും. അനുശോചന ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ജയലളിതയുടെ ഭൗതികശരീരം രാജാജിനഗറില്‍ പൊതുപ്രദര്‍ശനത്തിന് വയ്ക്കുമെന്ന് എഐഡിഎംകെ അറിയിച്ചിട്ടുണ്ട്. ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച വൈകിട്ട് ജയലളിത മരിച്ചതായി തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ സന്ദര്‍ഭത്തില്‍ അപ്പോളോ ആസ്പത്രി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെ കൈയേറ്റ ശ്രമമുണ്ടാക്കുകയും നിരവധി കാറുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു.
നേരത്തെ ജയലളിത ജയിലില്‍ അടയ്ക്കപ്പെട്ട സമയത്തും എംജിആര്‍ മരിച്ചതിന് സമാനമായി നിരവധി ആത്മഹത്യകള്‍ അരങ്ങേറിയിരുന്നു.

അര്‍ധരാത്രിയിലും ജയയെ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് വഴിയരികില്‍ കാത്തിരുന്നത്. ജനങ്ങളെ നിയന്ത്രിക്കുന്നതിനായി നൂറുകണക്കിന് പോലീസുകാര്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നുവെങ്കിലും പലപ്പോഴും അവര്‍ക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുന്നതിനും അപ്പുറത്തായിരുന്നു പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങള്‍.

വളരെ ബുദ്ധിമുട്ടിയാണ് ജയലളിതയുടെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സിന് പോലീസ് വഴിയൊരുക്കിയത്. പോയസ് ഗാര്‍ഡനിലേക്കുള്ള യാത്രയ്ക്കിടെ പലവട്ടം എഐഡിഎംകെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. റോഡരികില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളും വടവും പ്രവര്‍ത്തകര്‍ തകര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.