സ്വന്തം ലേഖകൻ: ജിദ്ദയിൽ ലാൻഡിങ്ങിനിടെ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെ കെയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എംഎസ് 643 വിമാനം ജിദ്ദയിൽ ഇറങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്. വൻ ദുരന്തമാണ് ഒഴിവായത്.
ഈജിപ്ത് എയറിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും വിമാനം ലക്ഷ്യ സ്ഥാനത്ത് തന്നെ ചെന്ന് നിന്നു. ആർക്കും പരിക്കുകൾ ഒന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനി അറിയിച്ചു. എന്നാൽ എന്താണ് ടയർപ്പെട്ടിത്തെറിക്കാൻ കാരണമെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ജിദ്ദ കോഴിക്കാേട് വിമാന സർവീസുകൾ പ്രവാസികൾക്ക് തലവേദനയാകുന്നു. കൃത്യസമയം പാലിക്കാതെയുള്ള യാത്ര, സർവീസുകൾ ഒരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കുക തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചു വരുന്നു എന്ന് പ്രവാസികൾ പരാതി പറയുന്നു. കഴിഞ്ഞ ദിവസം തന്നെ ജിദ്ദ- കോഴിക്കോട് സർവിസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ചാർട്ടേഡ് വിമാന സർവിസുകൾ വെെകിയാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.45ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ആണ് യാത്രക്കാരെ വലച്ചത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ പുറപ്പെട്ടില്ലെങ്കിലും ഉച്ചക്ക് 1.25ന് പുറപ്പെടും എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ പിന്നീട് രാത്രി 10.30നായിരിക്കും വിമാനം പുറപ്പെടുന്നത് എന്ന വിവരം ലഭിക്കുകയായിരുന്നു. പല യാത്രക്കാരും വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. പലരും വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകുന്നവർ ആണ്.
മറ്റു ചിലർ കുടുംബവുമെത്ത് നാട്ടിലേക്ക് പോകുന്നവരും. കുട്ടികൾക്ക് സ്ക്കൂളുകൾ തുറക്കാൻ സമയമായി. ഈ സമയത്ത് നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ വേണ്ടി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഒരാഴ്ചത്തെ അവധിക്കായി നാട്ടിലേക്ക് പോകുന്നവർ ഉണ്ട്. സന്ദർശക വീസയിലെത്തിയവർ മുറികൾ എല്ലാം ഒഴിവാക്കിയാണ് മറ്റു ചിലർ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല