1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2021

സ്വന്തം ലേഖകൻ: നിമിഷങ്ങള്‍കൊണ്ട് ബഹിരാകാശം തൊട്ട് തിരികെ എത്തിയിരിക്കുകയാണ് ശതകോടീശ്വരൻ കൂടിയായ ജെഫ് ബെസോസും സംഘവും. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 6.43നായിരുന്നു സംഘത്തേയും വഹിച്ച് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചത്. 10 മിനിട്ട് 21 സെക്കന്റിനും ശേഷം സംഘം തിരികെ ഭൂമിയിലേക്ക് എത്തുകയും ചെയ്തു.

ബഹിരാകാശ യാത്രാ സംഘത്തിൽ ജെഫ് ബെസോസ് ഉൾപ്പടെ നാല് പേരാണ് ഉണ്ടായിരുന്നത്. 82 കാരിയായ വാലി ഫങ്ങാണ് സംഘത്തിൽ ഏറ്റവും പ്രായമുള്ള വ്യക്തി. ഏറ്റവും പ്രായമുള്ള ബഹിരാകാശ യാത്രിക എന്ന പ്രത്യേകതയും ഇവര്‍ക്ക് സ്വന്തമായി. 18 കാരനായ വിദ്യാര്‍ത്ഥി ഒലിവര്‍ ഡെയ്മെനാണ് ബഹിരാകാശത്ത് പറന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ജെഫ് ബെസോസിന്റെ സഹോദരനായ മാര്‍ക്ക് ബെസോസ് ആണ് സംഘത്തിലെ നാലാമൻ.

ആമസോൺ അധിപന്റെ യാത്രകൂടി വിജയമായതോടെ ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ശതകോടീശ്വരനായി ജെഫ് ബെസോസ്. റിച്ചഡ് ബ്രാൻസണാണ് ഇത് ആദ്യമായി സാധിച്ചത്. ജൂലയ് 11ന് അദ്ദേഹം ഇത്തരത്തിൽ ബഹിരാകാശ യാത്ര നടത്തിയിരുന്നു. അന്ന് 89 കിലോമീറ്റര്‍ മാത്രമാണ് അദ്ദേഹം എത്തിയത്. ബെസോസ് ഭൂമിയിൽ നിന്നുള്ള 100 കിലോമീറ്റര്‍ അകലെയുള്ള കാര്‍മൻ രേഖയാണ് ഭേദിച്ചത്.

ബഹിരാകാശ ടൂറിസം എന്ന ലക്ഷ്യത്തോടെ 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ച പദ്ധതിയാണിത്. അതിന്റെ ഭാഗമായി ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് വിമാനത്തിന്റെ മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമായിരുന്നു ഇന്നലെ നടന്നത്. വീണ്ടും ഉപയോഗിക്കാവുന്ന വിധത്തിലാണ് ന്യൂ ഷെപ്പേഡ് പേടകത്തിന്റെ രൂപകല്പന. ഇതുവരെ ബഹിരാകാശത്തേക്ക് പോയ പേടകങ്ങളില്‍ വച്ച് ഏറ്റവും വിശാലമായ ജനാലകള്‍ ഉള്ളതായിരുന്നു ന്യൂ ഷെപ്പേഡ്. അതിനാൽ തന്നെ ഭൂമിയേയും ബഹിരാകാശത്തേയും വിശാലമായി കണ്ട് ആസ്വദിക്കാൻ യാത്രികര്‍ക്ക് സാധിക്കും.

ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തേയും വഹിച്ച് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചത്. രണ്ട് മിനിട്ടിന് ശേഷം പേടകം റോക്കറ്റിൽ നിന്നും വേര്‍പെട്ടു. കാര്‍മൻ രേഖയ്ക്ക് ഉയരത്തിൽ 106 കിലോമീറ്റര്‍ താണ്ടി. സീറ്റിൽ നിന്നും ബെൽറ്റ് അഴിച്ച് നാല് മിനിറ്റോളം അവര്‍ വാഹനത്തിലൂടെ ഒഴുകി നടന്നു. വെറും 11 മിനിറ്റിൽ യാത്ര അവസാനിപ്പിച്ച് ഭൂമിയിൽ തിരികെ എത്തി. പടിഞ്ഞാറൻ ടെക്സസിലെ മരുഭൂമിയിലാണ് സോഫ്റ്റ് ലാന്‍ഡ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.