1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2024

സ്വന്തം ലേഖകൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫെറി എപ്‌സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട കോടതിരേഖകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിയത് അമേരിക്ക മാത്രമല്ല, ലോകം മുഴുവനുമാണ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ മുതല്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനും ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങും വരെയുള്ള നിരവധി പ്രമുഖരുടെ പേരുകളാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആയിരത്തോളം പേജുള്ള രേഖകളിലുള്ളത്.

രേഖകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രമുഖരുടെ പേരുകൾക്കൊപ്പം വാർത്തകളിൽ ഇടംപിടിച്ച പേരാണ് ‘പീഡോഫൈല്‍’ ദ്വീപ് എന്നറിയപ്പെടുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപ്. ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്ത ജെഫെറി എപ്‌സ്റ്റൈന്റെ ഉടമസ്ഥതയിലായിരുന്നു ലൈംഗിക കുറ്റകൃത്യങ്ങളുടെ പറുദീസയായിരുന്ന ഈ സ്വകാര്യ ദ്വീപ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന രേഖകളിൽ പറയുന്ന പല ലൈംഗിക കുറ്റകൃത്യങ്ങളും അരങ്ങേറിയത് ഈ ദ്വീപിലായിരുന്നു.

യു.എസ്സിന്റെ അധീനതയിലുള്ള കരീബിയന്‍ ദ്വീപസമൂഹമായ യു.എസ്. വെര്‍ജിന്‍ ഐലന്‍ഡ്‌സിലെ ഒരു സ്വകാര്യ ദ്വീപാണ് ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപ്. 75 ഏക്കറാണ് ദ്വീപിന്റെ വിസ്തീര്‍ണം. യു.എസ്സിന്റെ തെക്കുകിഴക്കായി വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ദ്വീപിന്റെ സ്ഥാനം.

കോടീശ്വരനായ ആര്‍ക്ക് കമ്മിൻ ആയിരുന്നു ദ്വീപിന്റെ ഉടമസ്ഥന്‍. 1998 ഏപ്രിലില്‍ എല്‍.എസ്.ജെ. എല്‍.എല്‍.സി. എന്ന കമ്പനി ദ്വീപ് 7.95 ദശലക്ഷം ഡോളറിന് വാങ്ങി. ജെഫെറി എപ്‌സ്റ്റൈന്റെതായിരുന്നു ഈ കമ്പനി. വിവാദങ്ങള്‍ക്കും എപ്‌സ്റ്റൈന്റെ മരണത്തിനുമൊടുവില്‍ 2023 മേയില്‍ ശതകോടീശ്വരനും ബ്ലാക്ക് ഡയമണ്ട് ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ സ്ഥാപകനുമായ സ്റ്റീഫന്‍ ഡെക്കോഫിന്റെ എസ്.ഡി. ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഈ ദ്വീപ് 60 ദശലക്ഷം ഡോളറിന് സ്വന്തമാക്കി. ഈ പണത്തിന്റെ ഭൂരിഭാഗവും എപ്‌സ്റ്റൈന്റെ ഇരകളായിരുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കി.

സ്റ്റീഫന്‍ ഡെക്കോഫ് അദ്ദേഹത്തിന്റെ വമ്പന്‍ ആഡംബര റിസോര്‍ട്ട് പദ്ധതിയുടെ ഭാഗമാക്കിയിരിക്കുകയാണ് ഈ ദ്വീപിനെ ഇപ്പോള്‍. ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപ് ഉള്‍പ്പെടെ 230 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന റിസോര്‍ട്ടില്‍ 25 മുറികള്‍ മാത്രമാണ് ഉണ്ടാവുക. റിസോര്‍ട്ടിന്റെ ബാക്കി 160-ലേറെ ഏക്കര്‍ സ്ഥലം ഗ്രേറ്റ് സെയിന്റ് ജെയിംസ് ദ്വീപിലാണ്. 2025-ല്‍ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തന്റെ താമസസ്ഥലങ്ങളിൽ പ്രധാനപ്പെട്ടതായി ജെഫെറി എപ്‌സ്റ്റൈന്‍ കണ്ടിരുന്നത് ഈ ദ്വീപിനെയാണ്. അതുകൊണ്ടാണ് ജെഫെറി എപ്‌സ്റ്റൈന്‍ സെയിന്റ് ലിറ്റില്‍ ജെയിംസ് ദ്വീപിനെ ലിറ്റില്‍ സെയിന്റ് ജെഫ് എന്ന് വിളിച്ചിരുന്നത്. എന്നാല്‍, അവിടെ നടക്കുന്ന വൃത്തികേടുകള്‍ അറിയാവുന്നവര്‍ ആ ദ്വീപിനെ വിളിച്ചിരുന്നത് ‘പീഡോഫൈല്‍ ഐലന്‍ഡ്’ അഥവാ ശിശുപീഡകരുടെ ദ്വീപ് എന്നാണ്. ഐലന്‍ഡ് ഓഫ് സിന്‍ (പാപങ്ങളുടെ ദ്വീപ്), ഓര്‍ഗി ഐലന്‍ഡ്, എപ്‌സ്റ്റൈന്‍ ഐലന്‍ഡ് എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു.

പ്രധാനപ്പെട്ട ഒരു വീട്, മൂന്ന് ഗസ്റ്റ് ഹൗസുകള്‍, ജീവനക്കാര്‍ക്കുള്ള വസതി, ജലശുദ്ധീകരണത്തിനുള്ള യൂണിറ്റ്, ഹെലിപ്പാഡ്, ബോട്ടുകള്‍ അടുപ്പിക്കാനുള്ള ഡോക്ക് എന്നിവയാണ് 1997-ല്‍ ദ്വീപില്‍ ഉണ്ടായിരുന്നത്. ഇതുകൂടാതെ ചതുരപ്പെട്ടിയുടെ ആകൃതിയില്‍ മുകളില്‍ താഴികക്കുടമുള്ള ഒരു കെട്ടിടവും ഈ ദ്വീപിലുണ്ട്. എന്നാല്‍ ഇത് എന്തിനാണ് ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തമല്ല.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കോടതിരേഖകളില്‍ പരാമര്‍ശിക്കുന്ന പ്രമുഖര്‍ ഉള്‍പ്പെട്ട പല ലൈംഗിക കുറ്റകൃത്യങ്ങളും അരങ്ങേറിയത് ഈ ദ്വീപിലാണ്. ജെഫെറി എപ്‌സ്റ്റൈന്‍ സ്ഥിരമായി സെക്‌സ് പാര്‍ട്ടികള്‍ നടത്താറുണ്ടായിരുന്നു. 12-നും 17-നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ദ്വീപിലേക്ക് കടത്തിയിട്ടുണ്ട്. വിമാനത്തിലും ഹെലികോപ്റ്ററിലും ബോട്ടിലുമായാണ് ഇയാള്‍ പെണ്‍കുട്ടികളെ ദ്വീപിലെത്തിച്ചിരുന്നത്. ജെഫെറി എപ്‌സ്റ്റൈന്റെ സ്വകാര്യ വിമാനത്തില്‍ 11 വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടികളെ കണ്ടിട്ടുണ്ടെന്ന് യു.എസ്. വെര്‍ജിന്‍ ഐലന്‍ഡിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്.

കോടതി രേഖകളില്‍ പറയുന്ന ഒരു സംഭവം ഇങ്ങനെ: ഈ ദ്വീപില്‍ വെച്ച് എപ്‌സ്റ്റൈനും അയാളുടെ കൂട്ടാളികളും പലതവണ ബലാത്സംഗത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും ഇരയാക്കിയ 15-കാരി ഒരിക്കല്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, കുട്ടിയെ എപ്‌സ്റ്റൈന്‍ പിടികൂടുകയും ദ്വീപിൽ തടവിലാക്കുകയും ചെയ്തു.

അന്തരിച്ച ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതി രേഖകളില്‍ പറയുന്നുണ്ട്. ഇതും നടന്നത് ‘പാപങ്ങളുടെ ദ്വീപി’ലാണെന്നാണ് ആരോപിക്കപ്പെടുന്നത്. 2006-ല്‍ ശാസ്ത്ര പഠനയാത്രയുടെ ഭാഗമായി സ്റ്റീഫന്‍ ഹോക്കിങ് എപ്‌സ്റ്റൈന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും യുവതികളെയും കടത്തിക്കൊണ്ടുവന്ന് അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ഒളിത്താവളമായിരുന്നു ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപ് എന്ന് യു.എസ്. വെര്‍ജിന്‍ ഐലന്‍ഡ്‌സ് അറ്റോര്‍ണി ജനറല്‍ പറയുന്നു. തങ്ങളുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനും ഇവിടെയെത്തിക്കുന്ന യുവതികളും കുട്ടികളും രക്ഷപ്പെടാതിരിക്കാനും ഈ ദ്വീപ് എപ്‌സ്റ്റൈനെയും കൂട്ടാളികളെയും സഹായിച്ചുവെന്നും അറ്റോര്‍ണി ചൂണ്ടിക്കാട്ടി.

ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫെറി എഡ്വേര്‍ഡ് എപ്‌സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം മുതലാണ് പുറത്തുവിട്ടുതുടങ്ങിയത്. നിരവധി പ്രമുഖരുടെ പേരുകളാണ് ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി ഈ രേഖകളിലുള്ളത്. വിചാരണ നേരിടാനിരിക്കെ 2019-ല്‍ ജെഫെറി എപ്‌സ്റ്റൈന്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ലിയൊനാര്‍ഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ദീര്‍ഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാന്‍ഡ്, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്സണ്‍, ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മജീഷ്യന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, യു.എസ്സിലെ ശതകോടീശ്വരനായ ഗ്ലെന്‍ ഡുബിന്‍, ഫ്രഞ്ച് മോഡലിങ് ഏജന്റായ ജീന്‍-ലക് ബ്രുനെല്‍, ഹാര്‍വാര്‍ഡ് പ്രൊഫസര്‍ അലന്‍ ഡെര്‍ഷോവിറ്റ്സ്, മുന്‍ യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ അടുത്തയാളായിരുന്ന വില്യം ജെ. ബേണ്‍സ്, ഭാഷാപണ്ഡിതനായ നോം ചോസ്‌കി, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഓസ്ട്രേലിയന്‍ നടി കേറ്റ് ബ്ലാന്‍ചെറ്റ്, അമേരിക്കന്‍ നടന്‍ കെവിന്‍ സ്പേസി തുടങ്ങിയവര്‍ രേഖകളില്‍ പരാമര്‍ശിക്കുന്ന പ്രമുഖരാണ്.

ജെഫെറി രേഖകളില്‍ പേരുള്ളവര്‍ എല്ലാവരും ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരല്ല. എന്നാല്‍ ഇവരില്‍ പലരും ചെയ്ത കാര്യങ്ങള്‍ ജെഫെറി കേസിലെ രേഖകളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇവയില്‍ പലതും നടുക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.