1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2017

സ്വന്തം ലേഖകന്‍: ജല്ലിക്കെട്ട് നിരോധനം, തമിഴ്‌നാട്ടില്‍ പ്രതിഷേധം തിളക്കുന്നു, മറീന ബീച്ചില്‍ ആയിരങ്ങളുടെ പ്രതിഷേധ പ്രകടനം. ചെന്നൈ മറീന ബീച്ചില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികളും, ടെക്കികളുമുള്‍പ്പെടെ മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്നും മൃഗാവകാശസംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍ (പേട്ട) നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.

പ്രതിഷേധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പൊലീസ് നടത്തിയ ചര്‍ച്ചകള്‍ ഇതുവരെ വിജയം കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച പ്രതിഷേധം ഇപ്പൊഴും തുടരുന്ന സാഹചര്യത്തില്‍ മന്ത്രിമാരായ ജയകുമാര്‍, പാണ്ഡ്യരാജന്‍ എന്നിവരും പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജല്ലിക്കെട്ടു നിരോധിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഇവര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കി.

തമിഴ്‌നാടിന്റെ സ്വരവും, ആവശ്യവും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് പാണ്ഡ്യരാജന്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു. അതേസമയം സമരം നയിക്കുന്നവര്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തെ നേരില്‍ കാണണമെന്ന നിലപാടിലാണ്. അഞ്ഞൂറു വര്‍ഷത്തെ പാരമ്പര്യമുളളതാണ് ജല്ലിക്കെട്ടെന്നും, ഇതു നിരോധിച്ചുകൊണ്ടുളള ഉത്തരവ്, കോടതി പിന്‍വലിക്കണമെന്നും പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പി. മഞ്ജുനാഥ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതികള്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊളളുന്ന സ്ഥാപനങ്ങളാണെന്നും, കാളകള്‍ക്കെതിരേ ജല്ലിക്കെട്ടില്‍ ഒരു വിധ ക്രൂരതയും നടക്കുന്നില്ലെന്നും ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഐ.ടി പൊഫഷണലായ ജെ. രാജേഷ് പറഞ്ഞു. നിരോധിച്ച ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന തങ്ങളുടെ ആവശ്യം ന്യായമാണെന്നും ഈ പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

മധുര ജില്ലയിലെ അളങ്കനല്ലൂരിലും ഇന്നലെ രാത്രിയില്‍ പ്രതിഷേധപ്രകടനം നടന്നു. ഇരുനൂറോളം പ്രവര്‍ത്തകരെ പുലര്‍ച്ചയോടെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. ഇന്നലെ മധുരയിലും അളങ്കനല്ലൂരിലും പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത പരന്നതോടെയാണ് മറീന ബീച്ചിലേക്ക് പ്രതിഷേധക്കാര്‍ ഒഴുകിയെഴുത്തിയത്.

രാത്രി ബീച്ചിലെ വൈദ്യുതിബന്ധം പോലീസ് വിച്ഛേദിച്ചുവെങ്കിലും മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചു.
നടന്മാരായ കമല്‍ ഹാസന്‍, വിജയ്, സൂര്യ, ജി.വി പ്രകാശ്, ഗായകന്‍ അനുരാജ കാമരാജ്, നിര്‍മ്മാതാവ് സുബ്ബരാജ് തുടങ്ങിയവരും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പൊങ്കല്‍ ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ നടന്നു വരുന്ന ആഘോഷമാണ് ജല്ലിക്കെട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.