സ്വന്തം ലേഖകന്‍: യുഎസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി കുപ്പത്തൊട്ടിയില്‍, പദ്ധതി പലസ്തീന്‍ ജനത അംഗീകരിക്കില്ലെന്നു മഹ്മൂദ് അബ്ബാസ്. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ മധ്യസ്ഥതയ്ക്കുള്ള അര്‍ഹത യുഎസ് നഷ്ടപ്പെടുത്തിയെന്നു പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
യുഎന്‍ പൊതുസഭയിലെ വോട്ടിംഗിനു മുന്പ് അംഗരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയ യുഎസ് ഭരണകൂടത്തിന്റെ നടപടിയെയും അബ്ബാസ് അപലപിച്ചു. അമേരിക്കന്‍ താത്പര്യത്തിന് എതിരായി വോട്ടുചെയ്യുന്ന രാജ്യങ്ങള്‍ക്കുള്ള സാന്പത്തിക സഹായം കുറയ്ക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. എന്നാല്‍ ഇതു വകവയ്ക്കാതെ ഭൂരിപക്ഷം രാജ്യങ്ങളും ജറുസലം പ്രഖ്യാപനം നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
പ്രശ്‌നപരിഹാരം അടിച്ചേല്പിക്കാനാവില്ലെന്നും പണം ഉപയോഗിച്ച് മറ്റുള്ളവരെ വിലയ്‌ക്കെടുക്കാനാവില്ലെന്നും വ്യക്തമായി. മാക്രോണില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും പശ്ചിമേഷ്യന്‍ സമാധാനത്തിനുള്ള അദ്ദേഹത്തിന്റെ നീക്കത്തില്‍ മതിപ്പുണ്ടെന്നും അബ്ബാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല