1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2016

സ്വന്തം ലേഖകന്‍: യേശുവിന്റെ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം, രഹസ്യങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം. കഴിഞ്ഞ മാര്‍ച്ചിലാണു തിരുവുത്ഥാനത്തിന്റെ ദേവാലയത്തില്‍ കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം തുടങ്ങിയത്. കല്ലറയുടെ മാര്‍ബിള്‍ ഫലകം കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

മൂന്നടി വീതിയും അഞ്ചടി നീളവും ഉള്ളതായിരുന്നു ഫലകം. തിരുക്കല്ലറയുടെ പള്ളി എന്നുകൂടി വിളിക്കപ്പെടുന്ന ഇവിടെ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അവസാനം മുതല്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ എക്‌സ്‌പ്ലോറര്‍ പരിപാടിയില്‍ സംപ്രേഷണം ചെയ്യും.

ആറു ക്രൈസ്തവ വിഭാഗങ്ങള്‍ ഈ ദേവാലയം ഉപയോഗിക്കുന്നുണ്ട്. ആ വിഭാഗങ്ങള്‍ നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുമായും ആതന്‍സിലെ നാഷണല്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുമായും ചേര്‍ന്നാണു പുനരുദ്ധാരണം നടത്തുന്നത്.

അരിമത്ത്യാക്കാരന്‍ ജോസഫിന്റെ തോട്ടത്തിലാണു യേശുവിനെ അടക്കിയതെന്ന് സുവിശേഷങ്ങള്‍ പറയുന്നു. ഈ കല്ലറ 326–ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ വിശുദ്ധ ഹെലേന കണ്ടെത്തി. അവര്‍ പണിയിച്ച ദേവാലയം 335 സെപ്റ്റംബര്‍ 13–നു കൂദാശ ചെയ്തു. പേര്‍ഷ്യന്‍ അധിനിവേശകാലത്ത് ഈ ദേവാലയം തകര്‍ക്കപ്പെട്ടു.

അവശേഷിച്ച ഭാഗങ്ങളും കല്ലറയും ഖലീഫ ഹക്കീമിന്റെ കാലത്ത് 1009–ല്‍ നശിപ്പിച്ചെന്നാണു പലരും പറയുന്നത്. അതിന്റെ അവശേഷമാണു മാര്‍ബിള്‍ ഫലകത്തിനു കീഴിലുള്ളത്. യേശുവിനെ കിടത്തിയ ശില അതില്‍ ഉണ്ടെന്നു കരുതപ്പെടുന്നു. 1555–ല്‍ സ്ഥാപിച്ച ഫലകമാണ് ഇപ്പോള്‍ നീക്കിയത്.

മാര്‍ബിള്‍ മൂടി മാറ്റിയപ്പോള്‍ കല്ലറയില്‍ പല സാധനങ്ങള്‍ നിറച്ചതായി കണ്ടെത്തി. അവ വിശകലനം ചെയ്തു തീരാന്‍ ആഴ്ചകള്‍ എടുക്കും. അതിനു ശേഷമേ യേശുവിനെ കിടത്തിയ ശിലയില്‍ പഠനങ്ങള്‍ നടക്കൂ. 19 ആം നൂറ്റാണ്ടില്‍ പണിതതാണു കല്ലറയ്ക്കു ചുറ്റുമുള്ള എടുപ്പ്. എഡിക്യൂളെ (ചെറിയ വീട്) എന്നാണു ലാറ്റിന്‍ ഭാഷയില്‍ ഇതിനെ പറയുന്നത്.

1927 ലെ ഭൂകമ്പത്തില്‍ കേടുപറ്റിയതിനു ശേഷം 1947 ല്‍ ബ്രിട്ടീഷുകാര്‍ വലിയ ശീലാന്തികളും മറ്റും സ്ഥാപിച്ച് ഇതുനു സംരക്ഷണം നല്‍കിയിരുന്നു. 40 ലക്ഷത്തിലേറെ ഡോളര്‍ (27 കോടിയിലധികം രൂപ) ചെലവഴിച്ചാണു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.