1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2022

സ്വന്തം ലേഖകൻ: നാസികളുടെ ഭീകരത തന്‍റെ ഡയറിക്കുറിപ്പുകളിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരിലേയ്ക്ക് എത്തിച്ച ആൻ ഫ്രാങ്കിനെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടാൻ സഹായിച്ചത് ആരെന്ന് ഒടുവിൽ കണ്ടെത്തിയതായി ഗവേഷകര്‍. കൃത്രിമബുദ്ധിയുടെയും ചരിത്രരേഖകളുടെയും സഹായത്തോടെയാണ് 75 വര്‍ഷത്തിനു ശേഷം ഇക്കാര്യത്തിൽ കണ്ടെത്തലുണ്ടാകുന്നത്. ആംസ്റ്റര്‍ഡാമിലുണ്ടായിരുന്ന ജൂതവംശജനായ അര്‍ണോള്‍ഡ് വാൻ ഡെര്‍ ബെര്‍ഗ് ആണ് ആൻ ഫ്രാങ്കിൻ്റെയും കുടുംബത്തിൻ്റെയും ഒളിസങ്കേതം സംബന്ധിച്ച് നാസികള്‍ക്ക് വിവരം നല്‍കിയതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കോൺസെൻട്രേഷൻ ക്യാംപിലെ മരണത്തിൽ നിന്ന് രക്ഷപെടാനായി ആൻ ഫ്രാങ്കും കുടുംബവും ഒളിവിൽ താമസിച്ച വീടിനെ സംബന്ധിച്ച വിവരങ്ങള്‍ ജര്‍മൻ സൈന്യത്തിന് ലഭ്യമാക്കിയത് ഇയാളാണെന്നാണ് കണ്ടെത്തൽ. തുടര്‍ന്ന് ഈ വീടിൻ്റെ അനക്സിൽ നിന്ന് ആൻ ഫ്രാങ്ക് അടക്കം നാലു പേരെ 1944ൽ നാസികള്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഒരു പുസ്തക അലമാരയ്ക്ക് പിന്നിലായി ഒളിപ്പിച്ച നിലയിലായിരുന്ന സ്റ്റെയര്‍കെയ്സ് വഴിയായിരുന്നു കുടുംബം താമസിച്ചിരുന്ന അനക്സിലേയ്ക്ക് എത്തേണ്ടത്. ഈ കുടുസ്സുമുറിയിൽ രണ്ട് വര്‍ഷത്തോളമാണ് ആൻ ഫ്രാങ്കിൻ്റെ കുടുംബം കഴിഞ്ഞത്.

നാസികളുടെ പിടിയിലായ ശേഷമാണ് 15വയസുള്ള ആൻ ഫ്രാങ്കും സഹോദരി മാര്‍ഗോട്ടും ബെര്‍ഗൻ-ബെൽസൺ കോൺസെൻട്രേഷൻ ക്യാംപിൽ വെച്ച് മരണപ്പെടുന്നത്. ആൻ ഫ്രാങ്കിൻ്റെ പിതാവ് ഓട്ടോ ഫ്രാങ്ക് മാത്രമാണ് നാസി സൈന്യത്തിൻ്റെ ക്രൂരതകള്‍ അതിജീവിച്ച് പുറംലോകം കണ്ടത്. തുടര്‍ന്ന് ഒളിസങ്കേതത്തിൽ നിന്നു തന്നെ ഓട്ടോ ഫ്രാങ്ക് മകളുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുക്കുകയും ജൂതക്കൂട്ടക്കെലായ്ക്ക് ശേഷം പ്രസിദ്ധീകരിക്കാനായി നൽകുകയുമായിരുന്നു. ആൻ ഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകള്‍ ഇതുവരെ എഴുപതോളം ഭാഷകളിലേയ്ക്ക് ത‍ര്‍ജ്ജമ ചെയ്തിട്ടുണ്ട്. എന്നാൽ അതീവരഹസ്യമായി ഈ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുടുംബത്തെ ആരാണ് ഒറ്റിക്കൊടുത്തത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടായിരുന്നില്ല. ഈ ചോദ്യത്തിന് 75 വര്‍ഷത്തിനു ശേഷം ഉത്തരം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

20 ചരിത്രകാരന്മാര്‍, ക്രിമിനോളജിസ്റ്റുകള്‍ ഡേറ്റ വിദഗ്ധര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘം ആറു വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ആൻ ഫ്രാങ്കിൻ്റെ ഒറ്റുകാരനെ കണ്ടെത്തിയത്. കൃത്രിമബുദ്ധിയുടെ സഹായത്തോടെ നിരവധി ചരിത്ര രേഖകളും പട്ടികകളും തെരഞ്ഞാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. എഫ്ബിഐയിൽ നിന്ന് വിരമിച്ച വിൻസ് പാൻകോക്ക് എന്ന ഉദ്യോഗസ്ഥനായിരുന്നു സംഘത്തിന് നേതൃത്വം നല്‍കിയത്.

ഒറ്റുകാരനെന്നു സംശയിക്കുന്ന 30ഓളം പേരായിരുന്നു സംഘത്തിൻ്റെ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഒളിവിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്താൻ സാധിക്കുന്ന ഇരുപതോളം സാഹചര്യങ്ങള്‍ ഇവര്‍ പരിശോധിച്ചു. എന്നാൽ ഇവയിൽ പലതിനും സാധ്യത കുറവാണെന്നു കണ്ടെത്തിയ അന്വേഷകര്‍ ഒരു വഴിയിലേയ്ക്ക് അന്വേഷണം ചുരുക്കുകയായിരുന്നു.

അതേസമയം, തങ്ങള്‍ കണ്ടെത്തിയ വ്യക്തി തന്നെയാണ് ഒറ്റുകാരൻ എന്ന് 100 ശതമാനം ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതു സംബന്ധിച്ച് നേരിട്ടുള്ള തെളിവുകളില്ലെന്നും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നും ഗവേഷകര്‍ വിശദീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഓട്ടോ ഫ്രാങ്കിന് വാൻ ഡെൻ ബെര്‍ഗ് എന്ന പേരിൽ ഒരു അജ്ഞാതൻ എഴുതിയ കത്താണ് നിര്‍ണായക തെളിവായതെന്നും സംഘം വ്യക്തമാക്കി.

യുദ്ധാനന്തര അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളിൽ നിന്ന് ജൂതന്മാര്‍ ഒളിവിൽ താമസിക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് വാൻ ഡെര്‍ ബെര്‍ഗിന് അറിവുണ്ടായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ യുദ്ധകാലത്ത് ആംസ്റ്റര്‍ഡാമിലെ ജൂവിഷ് കൗൺസിൽ അംഗമായിരുന്നുവെന്നും ഇയാള്‍ സ്വന്തം കുടുംബത്തിൻ്റെ ജീവൻ രക്ഷിക്കാനായി മറ്റുള്ളവരുടെ വിവരങ്ങള്‍ നാസി സൈന്യത്തിന് കൈമാറുകയായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. ഓട്ടോ ഫ്രാങ്കിനെ ഇതേപ്പറ്റി അറിയാമായിരുന്നുവെന്നും എന്നാൽ ജൂതവിരോധം വളരാതിരിക്കാനായി ഇദ്ദേഹം ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു എന്നാണ് കരുതുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.