1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2020

സ്വന്തം ലേഖകൻ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്‍റെ ( 43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. കൂടാതെ എണ്ണവിപണിയിലും ടെലികോം മേഖലയിലുമുണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാൻ പുതിയ ഇടപാടിലൂടെ റിലയൻസിന് സാധിക്കും.

“ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും. നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. “- ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.

പുതിയ സഹകരണത്തിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫെയ്‌സ്ബുക്കും ചൈനീസ് സൂപ്പര്‍ ആപ്ലിക്കേഷനായ വീചാറ്റിന് സമാനമായ ഒരു മള്‍ട്ടി പര്‍പ്പസ് ആപ്ലിക്കേഷന്‍ സൃഷ്ടിക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. വലിയ മുന്നേറ്റത്തോടെയുള്ള ചര്‍ച്ചകള്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടയിലാണ് പുതിയ നിക്ഷേപ വാര്‍ത്ത വരുന്നത്.

ഫേസ്ബുക്കിന്റെ കസ്റ്റമര്‍ പ്ലാറ്റ്‌ഫോമും റിലയന്‍സിന്റെ ഷോപ്പിങ്-പേയ്‌മെന്റ് പ്ലാറ്റ്‌ഫോമും ചേര്‍ത്തു കൊണ്ടുള്ള വലിയൊരു ആപ്പിനാണ് ഇരുവരും തുടക്കമിടുക എന്നാണ് സൂചന. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമായിരിക്കും ഇതിനു വേണ്ടി പ്രാരംഭഘട്ടത്തില്‍ ഉപയോഗിക്കുന്നത്.

അതിന്റെ ഉപയോക്തൃ അടിത്തറ ഉപയോഗിച്ചുകൊണ്ട് പദ്ധതിക്കായി ധനസഹായം, സാങ്കേതിക അറിവ്, ഡൊമെയ്ന്‍ വൈദഗ്ദ്ധ്യം എന്നിവ ഇരുവരും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് 19 പാന്‍ഡെമിക് മൂലം കാലതാമസം നേരിട്ട ചര്‍ച്ചകള്‍ അനുസരിച്ച്, ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം മാത്രമല്ല, ഉപയോക്താക്കള്‍ക്ക് റിലയന്‍സ് റീട്ടെയില്‍ സ്‌റ്റോറുകള്‍ അല്ലെങ്കില്‍ ഷോപ്പ് വഴി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു ആപ്ലിക്കേഷന്‍ സൃഷ്ടിക്കുക എന്നതാണ് ആശയം. റിലയന്‍സിന്റെ എജിയോ ഡോട്ട് കോമിലൂടെ സാധനങ്ങള്‍ വില്‍ക്കാനും ജിയോ മണി ഉപയോഗിച്ച് പേമെന്റുകള്‍ നടത്താനുമാണ് ഉദ്ദേശിക്കുന്നത്.

ഷോർട്ട് ഫോർമാറ്റ് വിഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെ നേരിടാനുള്ള ഏറ്റവും നല്ല അവസരമാണിതെന്നാണ് ഫെയ്‌സ്ബുക് കരുതുന്നത്. നിലവിൽ, ടിക് ടോക്കിന് പ്രതിമാസം 120 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്. മൊത്തം 200 ദശലക്ഷം ഉപയോക്താക്കളുണ്ട്. 2020 ഓടെ ഈ സംഖ്യ 300 ദശലക്ഷമായി ഉയരുമെന്ന് പ്ലാറ്റ്ഫോം പ്രതീക്ഷിക്കുന്നു.

2018 ൽ ടിക് ടോക് ഇന്ത്യയിൽ വൻ വിജയമായിത്തീരുകയും രാജ്യത്ത് 100 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിനുശേഷവും ടിക് ടോക് കൂടുതൽ മുന്നേറ്റത്തിലാണ്. ദിവസവും കൂടുതൽ ഉപയോക്താക്കൾ പ്ലാറ്റ്ഫോമിലേക്ക് വരുന്നുണ്ട്. ഇതെല്ലാം ഫെയ്സ്ബുക്കിന് വലിയ തലവേദയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.