1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2017

സ്വന്തം ലേഖകന്‍: മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു, കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍. പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍ന്നത്.

ജിഷ്ണുവിന്റെ അമ്മ മഹിജ, സഹോദരന്‍ ശ്രീജിത്ത്, വളയത്തെ വീട്ടില്‍ നിരാഹര സമരം ചെയ്തിരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ എന്നിവരാണ് സമരം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം ചെയ്തിരുന്ന മറ്റ് ബന്ധുക്കളും സമരം പിന്‍വലിച്ചു. കേസില്‍ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കുടുംബം തയാറായത്.

പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മഹിജക്കെതിരായ പൊലീസ് അതിക്രമത്തില്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മഹിജയെ അറിയിച്ചു. ജിഷ്ണു കേസില്‍ മുഖ്യപ്രതി പൊലീസ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്. അഞ്ച് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചക്കുശേഷം പത്ത് വ്യവസ്ഥകള്‍ അടങ്ങിയ കരാര്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കുടുംബം ഒപ്പുവെച്ചു.

അതിനിടെ ജിഷ്ണു കേസില്‍ മൂന്നാം പ്രതിയായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ പിടിയിലായി. കോയമ്പത്തൂരിലെ സുഹൃത്തിന്റെ ഫാം ഹൗസില്‍ നിന്നാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. ജിഷ്ണുവിന്റെ മരണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നയാളാണ് ശക്തിവേല്‍. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയെങ്കിലും കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ജിഷ്ണുവിനെ ഇടിമുറിയിലേക്ക് കൊണ്ടു പോയത് ശക്തിവേലാണ്.

കോപ്പിയടി ആരോപിച്ച് ജിഷ്ണുവിനെ പിടികൂടിയ നാലാം പ്രതി പ്രവീണും മറ്റൊരു പ്രതിയായ വിപിനും പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്. രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതും പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിരെ ജിഷ്ണുവിന്റെ കുടുംബത്തെ നീക്കം ചെയ്യാന്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയതും പോലീസിനും മുഖ്യമന്ത്രിക്കും എതിരെ ജനരോഷം ഉയരാന്‍ കാരണമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.