1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2020

സ്വന്തം ലേഖകൻ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. അക്രമത്തിൽ തല പൊട്ടി, ചോരയൊലിക്കുന്ന ഇടതു വിദ്യാർഥി സംഘടനയായ ജെഎൻഎസ്​യുവിന്റെ പ്രസിഡന്റ് ഐഷി ഘോഷിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്.

സർവകലാശാലയിലെ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്നതിനിടെയാണ് 50 ഓളം പേരടങ്ങിയ സംഘം ഐഷിയെയും അധ്യാപകരെയും ആക്രമിച്ചത്. തലയ്ക്ക ്ഗുരുതര പരുക്കേറ്റ ഐഷിയടക്കം 20 വിദ്യാർഥികൾ എയിംസിൽ ചികിത്സയിലാണ്.

അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നതായി ഐഷി പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ഐഷേ ഗോഷിന്റെ പ്രതികരണം.

“ഏതാണ്ട് രണ്ടരയോടെ ഞങ്ങള്‍ പൊലീസിനോട് പറഞ്ഞതാണ് ഞങ്ങള്‍ തീരെ സുരക്ഷിതരല്ല എന്ന്. കാരണം കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു.പക്ഷേ യാതൊരു ഇടപെടലും പൊലീസ് നടത്തിയില്ല” ഐഷി പറഞ്ഞു.

ആക്രമണത്തില്‍ ജെ.എന്‍.യു വി.സി ജഗദേഷ് കുമാറിനെ വിമര്‍ശിച്ച ഐഷി ജഗദേഷ് ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകളെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് ഐഷിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.

ജെഎൻയു ക്യാമ്പസിൽ സർവകലാശാലയിലെ അധ്യാപകരുടെ സംഘടനയായ ജെനുട്ട (JNUTA)യും വിദ്യാർത്ഥികളും ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായ ഒരു ധർണ തുടങ്ങിയിരുന്നു. പരിപാടി തുടങ്ങി മിനിറ്റുകൾക്കകമാണ് വലിയ അക്രമം ക്യാമ്പസിനകത്ത് നടന്നത്.

“സബർമതി ഹോസ്റ്റലിനടുത്ത് വച്ച് മുഖംമൂടി ധരിച്ച ഗുണ്ടകളെത്തി ഞ‌ങ്ങളെ ആക്രമിക്കാൻ തുടങ്ങി. ഇരുമ്പ് ദണ്ഡുകൾ കൊണ്ടും ചുറ്റികകൾ കൊണ്ടും അവർ ഞങ്ങളെ ആക്രമിക്കുകയായിരുന്നു,” ഐഷി പറയുന്നു.

ആക്രമണത്തിന് ശേഷം, തലയിൽ മുഴുവൻ രക്തമൊഴുകുന്ന നിലയിൽ ഐഷി സുഹൃത്തുക്കളുടെ മൊബൈൽ ഫോൺ വഴി പകർത്തിയ, സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

“എന്നെ ഒരു സംഘം ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. മുഖംമൂടി ധാരികളാണ് ആക്രമണം നടത്തിയത്. തലയിൽ നിന്ന് ചോരയൊഴുകുകയാണ്. എനിക്ക് ഇപ്പോൾ സംസാരിക്കാൻ പറ്റിയ അവസ്ഥയല്ല,” എന്ന് ഐഷി വീഡിയോയിൽ പറയുന്നത് കേൾക്കാമായിരുന്നു.

എബിവിപി – സംഘ്പരിവാർ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്ന് സൂചന നൽകുന്ന വാട്‍സാപ്പ് സന്ദേശങ്ങളും മറ്റും പിന്നീട് പുറത്തുവന്നിരുന്നു. ക്യാമ്പസിനകത്തേക്ക് കടക്കേണ്ടതെങ്ങനെ, ആക്രമണം നടത്തേണ്ടതെങ്ങനെ, ആരെയൊക്കെ ആക്രമിക്കണം എന്നീ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന ചില വാട്‍സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി, എബിവിപിയുടെ നേതാക്കൾ അടക്കമുള്ളവർ ഇതിൽ സന്ദേശങ്ങളയക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജെഎൻയുവിലേക്ക് അക്രമികൾക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്നു. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. പൊലീസ് സാന്നിധ്യം ഉണ്ടോ അന്വേഷിക്കുകയും ചെയ്യുന്നു. അക്രമത്തിന് പിന്നിൽ പുറത്തുനിന്നുള്ള എബിവിപി, ബിജെപി, ബജ്‍രംഗദൾ പ്രവർത്തകരാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് ക്യാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാത്തതിൽ പ്രതിരോധത്തിലായ ദില്ലി പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റേൺ റേഞ്ച് ജോയിന്‍റ് ഡിസിപി ശാലിനി സിംഗിനാണ് അന്വേഷണച്ചുമതല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.