സ്വന്തം ലേഖകന്‍: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍. കാമ്പവിലെ പൊലീസ് നടപടിക്കും വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് സമരം.
തിങ്കളാഴ്ച പഠിപ്പു മുടക്കാന്‍ വിദ്യാര്‍ഥി സംഘടനകളും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അധ്യാപകഅനധ്യാപക സംഘടനകളും തീരുമാനിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ പിന്തുണയുമായി എത്താനും മറ്റു സര്‍വകലാശാലകളിലേക്ക് സമരം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്.
ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും പൊലീസ് കടന്നുകയറ്റങ്ങളില്‍ പ്രതിഷേധിച്ചും കാമ്പസിലും ഡല്‍ഹിയിലെ ജന്തര്‍മന്തറിലും ഞായറാഴ്ച നടന്ന ഐക്യദാര്‍ഢ്യപരിപാടിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയില്‍ പ്രതിഷേധം ഭയന്ന് ഏതാനും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച ജെഎന്‍യു കാമ്പസില്‍ നാലര കിലോമീറ്റര്‍ നീളുന്ന മനുഷ്യച്ചങ്ങല തീര്‍ത്തായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന പരാതിയിലായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് ഡല്‍ഹി പൊലീസ് വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെയും മറ്റു 12 വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്യുകയായിരുനു. എന്നാല്‍ പരിപാടിയില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരാണ് മുദ്രാവാക്യം മുഴക്കിയതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല