1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2019

സ്വന്തം ലേഖകൻ: പുതുക്കിയ ഹോസ്റ്റല്‍ മാന്വലിനെതിരെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരുന്ന കോണ്‍വേക്കഷന്‍ വേദിയിലേക്ക് എത്തിയ വിദ്യാര്‍ഥിറാലി പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.

വെെസ് ചാൻസിലറുമായി കൂടിക്കാഴ്ച നടത്താതെ പിരിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഗേറ്റിന് മുന്നില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഒക്ടോബര്‍ 28 മുതല്‍ മാന്വലിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച് വരികയായിരുന്നു. ഫീസ് വര്‍ധന, ക്യാംപസിലെ വസ്ത്രധാരണ രീതി, സമയക്രമം തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിഷേധം. തങ്ങളുമായി ചര്‍ച്ച നടത്താതെയാണ് മാന്വല്‍ തയാറാക്കിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകരും രംഗത്തുണ്ട്.

ബിരുദ ദാന ചടങ്ങ് നടന്ന വേദിയിലേക്ക് പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും കൂട്ടമായി ഗേറ്റിന് മുന്നിലെത്തുകയും പ്രതിഷേധം നടത്തുകയുമായിരുന്നു. ഇതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പെണ്‍കുട്ടികളെയടക്കം പൊലീസ് മര്‍ദിച്ചതായാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. വിദ്യാര്‍ഥികളെ നേരിടാന്‍ അര്‍ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സമരത്തിനിടെ ചടങ്ങ് പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതിയും മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാലും മടങ്ങി. വിദ്യാര്‍ഥി വിരുദ്ധ മാന്വല്‍ പിന്‍വലിക്കുന്നതിൽ കൃത്യമായ ഉറപ്പ് കിട്ടാതെ സമരത്തില്‍നിന്നു പിന്നോട്ട് പോകില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വിസിയുമായി ചര്‍ച്ച നടത്താൻ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളെ പൊലീസ് കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്.

മൂന്ന് ആഴ്ചയായി തുടര്‍ന്നുവരുന്നതാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കമ്മിറ്റി അംഗീകരിച്ച മാന്വലില്‍ ഹോസ്റ്റലുകളിലെ സമയക്രമം 11.30 ആയി നിശ്ചയിച്ചിട്ടുണ്ട്. ഇതും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ മാന്വലില്‍ വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെക്കുറിച്ചും നിബന്ധനയുണ്ട്. എന്നാല്‍ ‘ഉചിതമായ’ വസ്ത്രം എന്ന് മാത്രമാണ് മാന്വലില്‍ പറഞ്ഞിരിക്കുന്നത്. എന്താണ് ഇതെന്ന് വ്യക്തമാക്കാന്‍ പോലും തയാറായിട്ടില്ലെന്നും ഇതേക്കുറിച്ച് യൂണിയനുമായി ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അത് പതിവ് രീതിയ്ക്ക് എതിരെയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

19 വര്‍ഷമായി ഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ വര്‍ധനയ്ക്ക് കാരണമായി ജെഎന്‍യു അധികൃതര്‍ പറയുന്നത്. ദീര്‍ഘനാളായി ഫീസിന്റെ കാര്യത്തില്‍ വർധന ഇല്ലാതിരുന്നതിന്റെ ഫലമാണ് പെട്ടെന്നുള്ള വര്‍ധയെന്ന് ഡീന്‍ ഉമേഷ് കദം നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. എന്നാൽ വിദ്യാര്‍ഥികളില്‍ 40 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും അവര്‍ക്ക് ഇത്ര വലിയ ഫീസ് താങ്ങാന്‍ സാധിക്കില്ലെന്നും യൂണിയന്‍ പറയുന്നു.

പുതിയ നിരക്ക്പ്രകാരം വിദ്യാര്‍ഥികള്‍ സര്‍വിസ് ചാര്‍ജായി മാസം 1700 രൂപ നല്‍കണം. നേരത്തെ ഈ തുക നല്‍കേണ്ടിയിരുന്നില്ല. ഹോസ്റ്റല്‍ വാടക പ്രതിമാസം 20 ആയിരുന്നത് 600 ആയാണ് വര്‍ധിപ്പിച്ചത്. രണ്ടുപേർക്ക് താമസിക്കുന്ന മുറി വാടക 10 ല്‍ നിന്നും 300 ലേക്കാണ് വര്‍ധിപ്പിച്ചത്. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ തന്നെ ആശങ്കയിലാക്കുന്നതാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.