1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2018

സ്വന്തം ലേഖകന്‍: തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ജോലിസ്ഥലത്ത് ജീവനക്കാരന് സമഗ്രമായ സുരക്ഷ ഉറപ്പാേക്കണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അതിനാവശ്യമായ ചെലവുകള്‍ വഹിക്കേണ്ടതും കമ്പനിയാണ്. മാത്രമല്ല ജീവനക്കാരന് മതിയായ സുരക്ഷാ അവബോധം ലഭിച്ചുവെന്ന് ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

തീപ്പിടിത്തം തുടങ്ങി ജോലിസ്ഥലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് വിവിധ ഭാഷകളിലുള്ള സൂചനാ ബോര്‍ഡുകള്‍ ജോലിസ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നും നിയമമുണ്ട്. നിര്‍മാണ മേഖലയിലും മറ്റും അപകടം ഒഴിവാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ തൊഴിലുടമ ലഭ്യമാക്കണം. ഇതിനായി തൊഴിലാളിയില്‍ നിന്ന് പണമീടാക്കുന്നത് നിയമവിരുദ്ധമാണ്.

ആവശ്യമായ മരുന്നുകള്‍, ബാന്‍ഡ്എയ്ഡ് എന്നിവ അടങ്ങിയ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് ജോലിസ്ഥലത്ത് ലഭ്യമാണെന്ന് ഉറപ്പ് വരുത്തണം. തൊഴിലിടങ്ങളില്‍ കുടിക്കാന്‍ ആവശ്യത്തിന് വെള്ളം, വെളിച്ചവും വായുസഞ്ചാരമുള്ള മുറി, വൃത്തിയുള്ള ശുചിമുറികള്‍ എന്നിവയും നിയമപ്രകാരം നിര്‍ബന്ധമാണ്.

തൊഴില്‍ സ്ഥലത്തുെവച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കേണ്ടത് തൊഴിലുടമയാണ്. അതിനുള്ള ചെലവ് വഹിക്കേണ്ടതും തൊഴിലുടമയാണ്. എന്നാല്‍ തൊഴില്‍ സ്ഥലത്തെ നിര്‍ദേശങ്ങള്‍ ശരിയായ വിധത്തില്‍ പാലിച്ചില്ലെങ്കില്‍ തൊഴിലാളിക്കും പിഴ ലഭിക്കും. വിദൂരമായ പ്രദേശത്താണ് തൊഴില്‍ സ്ഥലമെങ്കില്‍ തൊഴിലാളിക്ക് താമസം, ഗതാഗതം, ഭക്ഷണം എന്നിവയും തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.

തൊഴില്‍ സ്ഥലത്ത് മതിയായ സുരക്ഷാ സാഹചര്യമില്ലെങ്കില്‍ മനുഷ്യ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ 80066473 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. അപകടമുണ്ടായാല്‍ പോലീസിനെയോ ആംബുലന്‍സിനെയോ ബന്ധപ്പെടാന്‍ 999ല്‍ വിളിക്കാം. അഗ്‌നിരക്ഷാസേനയുമായി ബന്ധപ്പെടാനുള്ള നമ്പര്‍ 997 ആണ്. തൊഴില്‍സ്ഥലത്തെ കുറ്റകരവും സംശയാസ്പദമായതുമായ സംഭവങ്ങളോ സാഹചര്യങ്ങളോ റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ അമീന്‍ സര്‍വീസുമായി 800 4888 എന്ന നമ്പറില്‍ ബന്ധപ്പെടാം

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.