
സ്വന്തം ലേഖകൻ: ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡന്‍ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റാകുന്നത് അര നൂറ്റാണ്ടോളം നീണ്ട പൊതുപ്രവര്‍ത്തന രംഗത്തെ അനുഭവ സമ്പത്തുമായി. 1942 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1972 ല്‍. അതിനുശേഷം ആറു തവണയാണ് അദ്ദേഹം വീണ്ടും സെനറ്റിലെത്തിയത്.
യുഎസ് സെനറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് 36 വര്‍ഷം. 1988 ലും 2008 ലും പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ച ബൈഡന്‍ ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന ബൈഡന്റ് വ്യക്തിജീവിതത്തിന്റെ അധികം ആര്‍ക്കുമറിയാത്ത 11 കാര്യങ്ങള്‍ അദ്ദേഹംതന്നെ അടുത്തിടെ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാണുന്ന ജനങ്ങള്‍ക്ക് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പലകാര്യങ്ങളും അറിയാനിടയില്ലെന്നും താന്‍തന്നെ അവ വെളിപ്പെടുത്താമെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്‍ 11 കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന കാലത്തെ വിവരങ്ങളും തന്റെ ജര്‍മന്‍ ഷെപ്പേഡ് നായകളെക്കുറിച്ചുപോലും അദ്ദേഹം വെളിപ്പെടുത്തി.
വലിയ വാഹന പ്രേമിയാണ് ബൈഡന്‍. പിതാവില്‍നിന്ന് കിട്ടിയ 67 കോര്‍വെറ്റ് സ്റ്റിങ്‌റേ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 1972 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആദ്യഭാര്യ നീലിയ ഹണ്ടറും ഒരു വയസുള്ള മകളും വാഹനാപകടത്തില്‍ മരിച്ചു. രണ്ട് മക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. 1977ല്‍ ജില്‍ ബൈഡനെ അദ്ദേഹം വിവാഹം കഴിച്ചു. സെനറ്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വാഷിങ്ടണിലേക്ക് താമസം മാറ്റുന്നതിനു പകരം വില്‍മിങ്ടണില്‍നിന്ന് എല്ലാ ദിവസവും യാത്രചെയ്ത് എത്താനാണ് അദ്ദേഹം തീരുമാനിച്ചത്. മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടായിരുന്നു ഇത്.
ഭാര്യയും മകളും അപകടത്തില്‍ മരിക്കുകയും മക്കള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുമ്പോഴാണ് അദ്ദേഹം സെനറ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 29 വയസുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 30 വയസ് തികഞ്ഞതോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കയുടെ ചരിത്രത്തിലെ കത്തോലിക്കനായ രണ്ടാമത്തെ പ്രസിഡന്റാണ് അദ്ദേഹം. ജോണ്‍ എഫ് കെന്നഡിയാണ് കത്തോലിക്കനായ അമേരിക്കയുടെ ആദ്യ പ്രസിഡന്റ്.
ബറാക് ഒബാമ പ്രസിഡന്റായിരുന്ന 8 വർഷം നിർണായക തീരുമാനങ്ങളെടുക്കാനുള്ള ചർച്ചകൾ നടക്കുന്ന മുറിയിൽ നിന്ന് ഏറ്റവുമവസാനം പുറത്തിറങ്ങിയിരുന്നത് വൈസ് പ്രസിഡന്റ് ബൈഡനായിരുന്നു. യുഎസിന്റെ ഇറാഖ് നയം രൂപപ്പെടുത്തുന്നതിൽ ഒബാമയുടെ വലംകൈ അദ്ദേഹമായിരുന്നു. ‘എന്റെ ജ്യേഷ്ഠൻ’ എന്നു വിളിച്ചാണ് 2017 ൽ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ ഒബാമ ബൈഡനു സമ്മാനിച്ചത്.
അന്ന്, മെഡൽ കഴുത്തിലണിയിക്കാനൊരുങ്ങുമ്പോൾ വിതുമ്പിപ്പോയ ബൈഡൻ തൂവാലയെടുത്തു കണ്ണു തുടച്ചു. മുൻപ് കറുത്തവർഗക്കാരുമായി ബന്ധപ്പെട്ട ചില നിയമനിർമാണങ്ങളിൽ പാളിച്ചയുണ്ടായതായി ബൈഡൻ ഈയിടെ സമ്മതിച്ചിരുന്നു.
കൊവിഡ് ദുരിതത്തിൽ അമേരിക്കയുടെ കണ്ണീർ തുടയ്ക്കാനുള്ള അടിയന്തരപദ്ധതികളും മുൻഗാമിയുടെ തെറ്റുകൾ തിരുത്തിയുള്ള പ്രതിരോധ പാക്കേജുകളുമാകും അധികാരമേറ്റ് ഒന്നാം ദിനം ബൈഡൻ പ്രഖ്യാപിക്കുക. ഒബാമ അവതരിപ്പിച്ച അഫോഡബിൾ കെയർ ആക്ടിനെ പരിരക്ഷിക്കുന്നതിനൊപ്പം ബൈഡൻകെയർ എന്ന പേരിൽ അതു പുതുക്കിയെടുക്കുന്നതിനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല