
സ്വന്തം ലേഖകൻ: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ യു.എസ് ഹൗസ് പാസാക്കിയ നോണ്‍ ബാന്‍ ബില്ലിന് പിന്തുണയുമായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.
താന്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ ദിവസം തന്നെ ട്രംപിന്റെ മുസ്‌ലിം നിരോധനത്തിനെതിരെ ഒപ്പിട്ട് ബില്‍ നിയമം ആക്കുമെന്ന് ബൈഡന്‍ പറഞ്ഞു. പിന്തുടരുന്ന വിശ്വാസത്തിന്റെ പേരില്‍ ആരും വേര്‍തിരിക്കപ്പെടാനോ മാറ്റിനിര്‍ത്തപ്പെടാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന്, സഭ നോണ്‍ ബാന്‍ ആക്ട് പാസാക്കി, കാരണം അവര്‍ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേര്‍തിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം നിരോധനം ഞാന്‍ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലില്‍ ഒപ്പിട്ട് നിയമമാക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെയും ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയ്‌ക്കെതിരെ ബൈഡന്‍ രംഗത്ത് എത്തിയിരുന്നു. അമേരിക്കയിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് കടുത്ത വെല്ലുവിളിയാണ് ബൈഡന്‍ ഉയര്‍ത്തുന്നത്. ഈ വരുന്ന നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പ് നടത്തുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
അതേസമയം, പ്രധാനമായും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ലക്ഷ്യമിട്ടുകൊണ്ട് ട്രംപ് 2017 ല്‍ നടപ്പാക്കിയ വിവാദമായ കുടിയേറ്റ നിരോധനം നിയമത്തിനെതിരെ യു.എസ് ഹൗസ് പാസാക്കിയ നോണ്‍ ബാന്‍ ബില്ലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേര്‍ ഈ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് നടപ്പാക്കിയ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രധാനമായും മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
183 വോട്ടുകള്‍ക്കെതിരെ 233 വോട്ടുകള്‍ നേടിയാണ് പുതിയ ബില്ലിന് അംഗീകാരം ലഭിച്ചത്. നോണ്‍ ബാന്‍ ആക്റ്റ് എന്ന് വിളിക്കപ്പെടുന്ന ബില്ലിനെ ഡെമോക്രാറ്റിക് നിയമസഭാംഗങ്ങള്‍ വ്യാപകമായി പിന്തുണയ്ക്കുന്നെങ്കിലും നിലവില്‍ റിപ്പബ്ലിക്കന്‍മാരുടെയും വൈറ്റ് ഹൗസിന്റെയും എതിര്‍പ്പ് കാരണം സെനറ്റില്‍ മുന്നേറാന്‍ സാധ്യത ഉണ്ടാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് ബൈഡൻ ട്രംപിനെ വിശേഷിപ്പിച്ചത് എന്നതും മാധ്യമങ്ങൾ വാർത്തയാക്കി.
“രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസിനെ ട്രംപ് ‘ചൈന വൈറസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്,” ബൈഡന്‍ പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രസിഡന്റും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. ജനങ്ങളെ ഇത്തരത്തില്‍ പല ചേരികളായി തിരിക്കുന്നത് രാജ്യത്തെ തന്നെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല