
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡൻ.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരിടുന്ന ഭീഷണികളിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നു അദ്ദേഹം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യങ്ങൾ പരസ്പര ശക്തിയാകുന്നിടത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. ഇരുരാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യൻ അമേരിക്കൻ പ്രവാസികളെ ആശ്രയിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒബാമയുടെ ഭരണകാലത്ത് സെനറ്റിലെ തന്റെ ഉദ്യോഗസ്ഥരിൽ നിരവധി ഇന്ത്യൻ-അമേരിക്കൻ വംശജരെ ഉൾപ്പെടുത്തിയിരുന്നു.
കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ -അമേരിക്കൻ വംശജയാകുമെന്നും അദ്ദേഹം പറഞ്ഞു. കമല ഹാരിസിന്റെ നേതൃത്വശേഷിയെ പ്രകീർത്തിച്ച ബൈഡൻ അവരുടെ അമ്മയുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റ കഥ ഏവർക്കും പ്രചോദനം നൽകുന്നതാണെന്നും പറഞ്ഞു.
അമേരിക്കയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ കൂടുന്നതിനെയും കുടിയേറ്റക്കാർക്കെതിരായുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിനെയും ജോ ബൈഡൻ ശക്തമായി വിമർശിച്ചു. ഇന്ത്യക്കാരെ ഏറെ ആശങ്കയിലാക്കിയ എച്ച് 1 ബി വിസകളിൽ ധൃതിപ്പെട്ട് ദോഷകരമായ നടപടികൾ കൈകൊണ്ടതിനെയും അദ്ദേഹം വിമർശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല