1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2021

സ്വന്തം ലേഖകൻ: അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്​ത പ്രസിഡൻറ്​ ജോ ബൈഡ​െൻറ സ്​ഥനാരോഹണ ചടങ്ങ്​ അല​​ങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ്​ അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട്​​ പ്രവഹിക്കുന്നതായി റിപ്പോർട്ട്​. ജനുവരി ആറിന്​ ഭരണസിരാ കേ​ന്ദ്രമായ കാപിറ്റോളിൽ ട്രംപ്​ അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ​ നിരവധി പേർ മരിച്ചത്​ ദുഃസ്വപ്​നമായി യു.എസിനെ വേട്ടയാടുന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ്​ ഇതിനെ നേരിടാൻ അധികൃതർ ഒരുങ്ങുന്നത്​.

വിവിധ സംസ്​ഥാനങ്ങളിൽ നാഷനൽ ഗാർഡിനെ വ്യാപകമായി വിന്യസിച്ചും സർക്കാർകെട്ടിടങ്ങൾക്ക്​ ചുറ്റും കമ്പിവേലികൾ കെട്ടിയും ചിലയിടങ്ങളിൽ ഔദ്യോഗിക ചടങ്ങുകൾ വിലക്കിയും സർക്കാർ നടപടികൾ ​ശക്​തമാക്കിയിട്ടുണ്ട്​. എല്ലാ സംസ്​ഥാനങ്ങളിലും ബൈഡ​െൻറ സ്​ഥനാരോഹണത്തോടനുബന്ധിച്ച്​ സായുധ പ്രതിഷേധങ്ങൾക്ക്​ സാധ്യതയുണ്ടെന്ന്​ രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതോടെയാണ്​ രാജ്യം മുഴുക്കെ സുരക്ഷ ശക്​തമാക്കി സർക്കാർ നപടികൾ ഊർജിതമാക്കിയത്​.

ഞായറാഴ്​ച വാഷിങ്​ടണിൽ ‘ബൂഗലോ ബോയിസ്​’ എന്ന തീവ്ര വലതുപക്ഷ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തോക്കിനെ അനുകൂലിക്കുന്ന ഈ സംഘടന രാജ്യത്ത്​ ആഭ്യന്തര സംഘർഷം സൃഷ്​ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്​. മുമ്പും പലതവണ പ്രശ്​നങ്ങൾ സൃഷ്​ടിച്ച ചരിത്രമുള്ളതാണ്​ ‘ബൂഗലോ ബോയിസ്​’. പ്രശ്​ന സാധ്യത കണക്കിലെടുത്ത്​ വാഷിങ്​ടൺ ഡി.സിയിൽ മാത്രം കാൽലക്ഷം നാഷനൽ ഗാർഡ്​ ​ൈസനികരെയാണ്​ വിന്യസിക്കുന്നത്​. കുഴപ്പക്കാരെ കണ്ടെത്താൻ മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ നിർദേശവും നൽകി. ​

പ്രസിഡന്റായി ജോ ബൈ‍ഡൻ ബുധനാഴ്ച അധികാരം ഏറ്റെടുക്കാനിരിക്കെ ലോകമിപ്പോൾ ഉറ്റുനോക്കുന്നത് ബൈഡന്റെ നയങ്ങളിലേക്കാണ്. ട്രംപ് കൊണ്ടുവന്ന ഭൂരിഭാ​ഗം നയങ്ങളെയും പരിഷ്കാരങ്ങളെയും ബൈഡൻ ആദ്യ ദിനങ്ങളിൽ തന്നെ തള്ളുമെന്നാണ് സൂചനകൾ. ട്രംപിനെ പൂർണമായും തള്ളുന്ന സമീപനമായിരിക്കും ബൈ‍ഡൻ സ്വീകരിക്കുക എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ തന്നെ താൻ അധികാരത്തിൽ എത്തിയാൽ ആദ്യം അമേരിക്കയിലെ എല്ലാവരോടും നൂറ് ദിവസത്തേക്ക് മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോ ബൈ‍‍ഡൻ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ബൈ‍ഡൻ പ്രധാനമായും സ്വീകരിക്കാൻ പോകുന്ന പോളിസികളെക്കുറിച്ചും നയങ്ങളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവിടുകയാണ് അമേരിക്കൻ മാധ്യമങ്ങൾ. ഇതിൽ പ്രധാനപ്പെട്ടത് പാരീസ് ക്ലൈമറ്റ് പോളിസി, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയതുമായി ബന്ധപ്പെട്ടതാണ്. റിപ്പോർട്ടുകൾ പ്രകാരം ബൈ‍ഡൻ വരുത്താൻ പോകുന്ന പ്രധാന നയ വ്യത്യാസങ്ങൾ ഇവയാണ്.

അമേരിക്ക പാരീസ് ക്ലൈമറ്റ് എ​ഗ്രിമെന്റിലേക്ക് തിരികെയത്തുകയും കാർബൺ എമിഷൻ കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യും. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിരോധനം പിൻവലിക്കും. രാജ്യത്തിനകത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കും.

അതിർത്തിയിൽ മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ കുട്ടികളെ തിരികെ അവരുടെ രക്ഷിതാക്കളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ബൈ‍ഡൻ നടത്തുമെന്നാണ് റിപ്പോർട്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റ നിബന്ധനകളിലും ബൈഡൻ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഇറാനുമായുള്ള ആണവകരാറിൽ അമേരിക്ക ഉടൻ മടങ്ങിയെത്തുമെന്നാണ് മറ്റൊരു സൂചന. ഒരു ഒപ്പിട്ടാൽ മതി അമേരിക്കയ്ക്ക് എപ്പോൾ വേണമെങ്കിലും ആണവകരാറിൽ മടങ്ങിയെത്താമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു അഭിമുഖത്തിൽ കരാറിലേക്ക് മടങ്ങേണ്ടി വരുമെന്ന് ബൈഡൻ സൂചനയും നൽകിയിരുന്നു. അതേസമയം അമേരിക്കയിലെ കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുന്നത് ബൈ‍ഡന് വലിയ വെല്ലുവിളിയായി മാറുമെന്നാണ് റിപ്പോർട്ടുകൾ.

എല്ലാ യാത്രക്കാർക്കും 26 മുതൽ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് നിർബന്ധം

അമേരിക്കയിൽ പ്രവേശിക്കുന്ന എല്ലാ രാജ്യാന്തര വിമാന യാത്രക്കാർക്കും ജനുവരി 26 മുതൽ കൊവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കികൊണ്ടു സിഡിസി ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവിൽ സിഡിസി ഡയറക്ടർ റോർബർട്ട് റെഡ്ഫീൽഡ് ഒപ്പുവെച്ചു. വിമാന യാത്രക്ക് മുമ്പും, അതിനുശേഷവും കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നത് കൊവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ടിയാണെന്ന് ഡയറക്ടർ പറഞ്ഞു.

യുഎസിലേക്ക് വിമാനം കയറുന്നതിന് മൂന്നു ദിവസം മുമ്പു വരെയുള്ള നെഗറ്റീവ് ഫലമാണ് കൈവശം വെക്കേണ്ടത്. പരിശോധനാ ഫലം വിമാനത്താവള അധികൃതർക്കു സമർപ്പിക്കേണ്ടതാണ്. അതോടൊപ്പം എയർലൈൻസ് യാത്രക്കാരുടെ കൈവശം നെഗറ്റീവ് റിസൽട്ട് ഉണ്ടോ എന്ന് ഉറപ്പാക്കണം.

അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം കൈവശം വെക്കേണ്ടതാണ്. മൂന്നിനും അഞ്ചിനും ഇടക്കുള്ള ദിവസങ്ങൾക്കുള്ളിലെ റിസൾട്ടാണ് സമർപ്പിക്കേണ്ടത്. ജനിതക മാറ്റം സംഭവിച്ച മാരക വൈറസുകൾ മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും ഇത് നിർബന്ധമാക്കിയതെന്നും സിഡിസി ഡയറക്ടർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.