1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനാണ് വിജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണം ചൈനയുടെ കയ്യിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ജോ ബൈഡന്‍ ഒരുതരത്തിലുമുള്ള പരാമര്‍ശം ചൈനയെ പറ്റി നടത്തിയിട്ടില്ലെന്നും നടത്താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ബൈഡന്റെ വിജയം ചൈനയുടെ ആവശ്യമാണെന്നും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ബൈഡന്‍ നടത്തിയ പ്രസംഗത്തില്‍ നിയമ നിര്‍വ്വഹണത്തെക്കുറിച്ചോ പൂര്‍ണമായും നിയന്ത്രണം കൈവിട്ടുപോയ ഡെമോക്രാറ്റിക് ഭരിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തതിനെക്കുറിച്ചോ ഒന്നും പറിഞ്ഞില്ലെന്നും ട്രംപ് ആരോപിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനേയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസിനേയും അധിക്ഷേപിച്ച് നേരത്തെയും ട്രംപ് രംഗത്തെത്തിയിരുന്നു. കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമുള്ള ട്രംപിന്റെ പ്രസ്താവന വലിയ വിവാദത്തിന് വഴിയൊരിക്കിയിരുന്നു.

ബരാക് ഒബാമയും ജോ ബൈഡനും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റ് ആകുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

എതിരാളികള്‍ക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ട്രംപിന്റെ രീതിക്കെതിരെ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ന്യൂസിലാന്റ് പ്രസിഡന്റ് ജസീന്ത ആര്‍ഡനെക്കുറിച്ചും തെറ്റായ പരാമര്‍ശം നടത്തിയിരുന്നു.

ന്യൂസിലാന്റില്‍ കൊവിഡിന്റെ അതിഭീകരമായ വ്യാപനമാണ് ഉണ്ടായിരിക്കുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ന്യൂസിലാന്റില്‍ ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത 102 ദിവസങ്ങള്‍ക്ക് പിന്നാലെ ഏതാനും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും സമൂഹ വ്യപനത്തിലേക്ക് പോയിട്ടില്ല. യു.എസിലെ കൊവിഡ് വ്യാപനവുമായി ന്യൂസിലാന്റിനെ താരതമ്യം ചെയ്യാന്‍ പോലുമാകില്ലെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ മേല്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് പിടിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ട്രംപിന്റെ മറ്റൊരു ആരോപണം. എന്നാല്‍ 2016ലെ ട്രംപിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കപ്പെട്ടിരുന്നെങ്കിലും ബരാക് ഒബാമയ്ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു.

അതിനിടെ കൊവിഡ് മഹാമാരിയെ തുടച്ചുനീക്കാനായി രാജ്യം അടച്ചിടേണ്ടി വന്നാല്‍ അതിനും തയ്യാറാകുമെന്ന് ബൈഡന്‍. രാജ്യം സുരക്ഷിതമായി നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.
എ.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.

‘ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പരമപ്രധാനം. അതിനായി വേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണോ അതെല്ലാം ചെയ്യും. കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാതെ രാജ്യത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല.

രാജ്യം അടച്ചുപൂട്ടാനാണ് ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്യുന്നതെങ്കില്‍ ഞാന്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയൊരു ഗുരുതര സാഹചര്യത്തില്‍ പോലും സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെയും ആളുകള്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനേയും പ്രോത്സാഹിപ്പിക്കുകയാണ്.

യു.എസില്‍ 5.5 ദശലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. 1,75,000 ല്‍ അധികം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.’ബൈഡന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.