1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2021

സ്വന്തം ലേഖകൻ: ടെക്സസിൽ രണ്ടു ഡസനിലേറെപ്പേരുടെ മരണത്തിനിടയാക്കിയ അതിശൈത്യം വൻദുരന്തമായി പ്രഖ്യാപിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകി. ഇതോടെ ദുരന്തത്തിൽ പെട്ടവർക്ക് ഫെഡറൽ സഹായം ലഭ്യമാകും. ദുരന്തമേഖല പ്രസിഡന്റ് സന്ദർശിച്ചേക്കും. അതിശൈത്യത്തെ തുടർന്ന് വൈദ്യുതിവിതരണശൃംഖല തകരാറിലായത് ഇനിയും പൂർണമായും ശരിയാക്കാനായിട്ടില്ല. അതിശൈത്യം തുടരുന്നതിനാൽ ജലവിതരണവും തകരാറിലാണ്.

പ്രസിഡന്റിന്റെ നടപടിയെ ഗവർണർ ആബട്ട് സ്വാഗതം ചെയ്തു. എന്നാൽ, സംസ്ഥാനത്തെ 254 കൗണ്ടികളിൽ 77 എണ്ണം മാത്രം ദുരന്തബാധിതമായി പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടമാക്കി. 190 കൗണ്ടികളിലെ 143 ലക്ഷം ജനങ്ങൾ അതിശൈത്യത്തിന്റെ പിടിയിലാണെന്ന് ഗവർണർ പറഞ്ഞു.

ആർടിക് ഹിമക്കാറ്റ് മൂലം ടെക്സസിൽ താപനില ഇപ്പോഴും മൈനസ് 5.5 സെൽഷ്യസാണ്. എണ്ണശുദ്ധീകരണശാലകളുടെ പ്രവർത്തനം നിലച്ചതിനാൽ അവ വൻതോതിൽ പുറംതള്ളുന്ന വാതകങ്ങൾ അന്തരീക്ഷം മലിനമാക്കുന്നതും പ്രശ്നമായി. യുഎസിലെ അതിതീവ്ര കാലാവസ്ഥ, കഴിഞ്ഞ മാസം 20ന് അധികാരമേറ്റ ജോ ബൈഡൻ സർക്കാരിന് കനത്ത വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.

അതിനിടെ ഡാലസ്, ഡെന്റൻ, ഫോർട്ട്‍ബന്റ്, ഗാൽവസ്റ്റൻ തുടങ്ങിയ 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു, ഫെബ്രുവരി 20 ശനിയാഴ്ചയാണ് ഇതുസംബന്ധിച്ചു വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്. എന്നാൽ ടെക്സസിലെ 254 കൗണ്ടികളിലും ദുരന്തത്തിന്റെ കനത്ത അലയടികൾ സൃഷ്ടിച്ചിട്ടും പല സുപ്രധാന കൗണ്ടികളെയും പ്രഖ്യാപനത്തിൽ നിന്നും ഒഴിവാക്കിയതായും വിമർശനമുണ്ട്.

ടെക്‌സസ്, ഒക്‌ലഹോമ, മിസിസിപ്പി എന്നിവ കൂടാതെ നിരവധി സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച കൊടും തണുപ്പും കൊടുങ്കാറ്റും രാജ്യത്തെ എണ്ണ ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് തകരാറിലാക്കി. ഒഹായോയിലെ കുടിവെള്ള വിതരണ സംവിധാനങ്ങള്‍ പൂർണമായി തകരുകയും രാജ്യ വ്യാപകമായി റോഡ് ശൃംഖലകൾ സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 20 സംസ്ഥാനങ്ങളിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രവർത്തനങ്ങളും താളം തെറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.