1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2022

സ്വന്തം ലേഖകൻ: ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി. മുൻഭാര്യയും നടിയുമായ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി കോടതി വിധിച്ചു. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണം.

ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് വിധി പറഞ്ഞത്. ആറാഴ്‌ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. മുൻ ഭർത്താവ് ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് ആംബർ ഹേഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിൽ എത്തിച്ചേർന്നത്.

ജൂറി തനിക്ക് തന്റെ ജീവിതം തിരികെ തന്നുവെന്നാണ് വിധിയോട് ജോണി ഡെപ്പ് പ്രതികരിച്ചത്. ഇപ്പോൾ തികച്ചും സമാധാനമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിധിയിൽ തൃപ്തിയില്ലെന്നും കോടതിവിധി ​ഹൃദയം തകർത്തെന്നും ആംബർ ഹേഡ് പ്രതികരിച്ചു.

2018 ൽ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു.

എന്നാല്‍, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു. 2015-ലാണ് ഡെപും ഹേഡും വിവാഹിതരാകുന്നത്. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.