1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2022

സ്വന്തം ലേഖകൻ: മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ജോണി ഡെപ്പിന് അനുകൂലമായതോടെ പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ച ഘട്ടത്തില്‍ നടനെ ഡിസ്‌നിയടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്ന ചിത്രമായിരുന്നു പൈരേറ്റ്‌സ് ഓഫ് കരീബിയനിലെ അവസാന ചിത്രം. ഡെപ്പിനെ ഒഴിവാക്കിയെങ്കിലും ജാക് സ്പാരോ എന്ന കഥാപാത്രമായി മറ്റൊരു നടനെ കണ്ടെത്തുന്നത് ഡിസ്‌നിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മാനനഷ്ടക്കേസ് അനുകൂലമായി വന്നതോടെ ഡെപ്പിനെ തിരികെ കൊണ്ടുവരാനാണ് ഡിസ്‌നിയുടെ ശ്രമമെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കത്തും സമ്മാനങ്ങളടങ്ങിയ കുട്ടയും ബൊക്കേയും അദ്ദേഹത്തിന് ഡിസ്‌നി അയച്ചുനല്‍കിയെന്നും ജാക്ക് സ്പാരോ ആറാം ഭാഗത്തിന്റെ ചിത്രത്തിനായി ഇതിനകം ഒരു ഡ്രാഫ്റ്റ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളതിനാല്‍ ഡെപ്പ് തന്റെ കഥാപാത്രവുമായി മടങ്ങിവരുമെന്ന് ഡിസ്‌നി പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡെപ്പിന് പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ഇനി അഭിനയിക്കാനായേക്കുമെന്ന് ഡിസ്നിയുടെ മുന്‍ എക്സിക്യൂട്ടീവ് മാനനഷ്ടക്കേസിന്റെ വിധി വന്നതിന് ശേഷം പറഞ്ഞിരുന്നു. ”അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വ്വാധികം ശക്തിയിലേക്ക് തിരിച്ചുവരും. ജാക് സ്പാരോയായി ജോണി ഡെപിനെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഈ വിധി നല്‍കുന്നത്. ബോക്സ് ഓഫീസിലും ഈ മാറ്റം ഒരുപാട് ഗുണം ചെയ്യും”- മുന്‍ ഡിസ്നി എക്സിക്യൂട്ടീവ് പറഞ്ഞു.

വിചാരണ വേളയില്‍ പോലും പൈരേറ്റ്സ് ഓഫ് ദ കരീബിയനുമായി സംബന്ധിച്ച ചോദ്യം ഡെപ്പിന് അഭിമുഖീകരിക്കേണ്ടി വന്നു. ഹേഡിന്റെ അഭിഭാഷകന്‍ ബെഞ്ചമിന്‍ റൊട്ടന്‍ബോണാണ് ചോദ്യമുന്നയിച്ചത്. 300 മില്യണ്‍ ഡോളറുമായി ഡിസ്നി വരികയാണെങ്കില്‍ പോലും, പൈരേറ്റ്സ് ഓഫ് കരീബിയനില്‍ ഡിസ്നിക്കൊപ്പം തിരികെ പോയി പ്രവര്‍ത്തിക്കാന്‍ ഈ ഭൂമിയിലെ യാതൊന്നും നിങ്ങളെ അനുവദിക്കില്ല, ശരിയല്ലേ എന്നായിരുന്നു അഭിഭാഷകന്‍ ചോദിച്ചത്.

അതെ, ശരിയാണ് എന്നാണ് ജോണി ഡെപ് പറഞ്ഞത്. ഡിസ്നി ആഗ്രഹിച്ചാലും താനിനി മടങ്ങിവരാന്‍ സാധ്യതകളില്ലെന്ന സൂചനയാണ് അന്ന് ഡെപ്പ് നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.