1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2021

സ്വന്തം ലേഖകൻ: ആയിരക്കണക്കിനു സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിന് വിചാരണ നേരിടുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.

2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.