1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2024

സ്വന്തം ലേഖകൻ: വിഷലിപ്തമായ തൊഴില്‍ സാഹചര്യം ഒരുക്കുകയും, ജീവനക്കാര്‍ തുടര്‍ച്ചയായി അവഹേളനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒരു എന്‍ എച്ച് എസ്സ് ട്രസ്റ്റ് വിമര്‍ശിക്കപ്പെടുകയാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബിര്‍മിംഗ്ഹാം (യു എച്ച് ബി) ട്രസ്റ്റിനോട് അതിന്റെ തൊഴില്‍ സംസ്‌കാരം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (സി ക്യു സി).

തുറന്നു പറഞ്ഞാല്‍, അടിച്ചമര്‍ത്തപ്പെടും എന്ന ഭയത്തിലാണ് ജീവനക്കാര്‍ എന്ന് റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് പാര്‍ലമെന്ററി ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്സ്മാന്‍ പറഞ്ഞു. അതേസമയം, ഒരു സാംസ്‌കാരിക മാറ്റം പെട്ടെന്ന് സാധിക്കാവുന്ന ഒന്നല്ലെന്നും, അത് ഉപരിതലത്തില്‍ മാത്രം പോരെന്നും അറിയാമെന്ന് പറഞ്ഞ് ട്രസ്റ്റ്, ജീവനക്കാര്‍ക്കിടയില്‍ അത്തരമൊരു മാറ്റത്തിനായി തങ്ങള്‍ നിതാദ പരിശ്രമത്തിലാണെന്നും പറഞ്ഞു.

2023 സെപ്റ്റംബറില്‍ ട്രസ്റ്റ് നിയോഗിച്ച ഒരു സ്വതന്ത്ര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്തത് പകുതിയിലേറെ ജീവനക്കാരും തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നോ അവഹേളിക്കപ്പെടുന്നു എന്നോ പരാതി പറഞ്ഞിരുന്നു എന്നാണ്. ഇതേ തുടര്‍ന്ന് യു എച്ച് ബി ട്രസ്റ്റ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം ഇവിടെ ജോലി ചെയ്തിരുന്ന ഒരു യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ ട്രെയിനിംഗിന്റെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ ക്ഷമാപണം നടത്തുകയുമുണ്ടായി.

താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയ്ക്കാണ് മരണത്തിന് ഉത്തരവാദിത്തം എന്ന് കുറിപ്പെഴുതി ആത്മഹത്യ ചെയ്ത ഡോക്ടര്‍ വൈഷ് കുമാറിന്റെ മരണത്തില്‍ നിന്നും യു എച്ച് ബി പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് നേരത്തെ ഒരു ട്രസ്റ്റ് വക്താവ് പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഹോസ്പിറ്റലിന്റെ റേറ്റിംഗും താഴ്ന്നിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണത്തെയും അതുപോലെ അവിടത്തെ പ്രൊഫഷണല്‍ സംസ്‌കാരത്തെയും കുറിച്ച് വിസില്‍ ബ്ലോവേഴ്സില്‍ നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ബിര്‍മ്മിംഗ്ഹാം ക്യുന്‍ എലിസബത്ത് ഹോസ്പിറ്റലിലെ ക്രിറ്റിക്കല്‍ കെയര്‍ സര്‍വീസില്‍ പരിശോധന നടന്നത്. എല്ലാ മേഖലകളിലും ആവശ്യത്തിന് പരിശീലനം നേടിയ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതില്‍ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് പരിശോധനയില്‍ ബോദ്ധ്യപ്പെട്ടു.

അതുപോലെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ശരിയായ ശുശ്രൂഷ നല്‍കുന്നതിലും വെല്ലുവിളികള്‍ നേരിടുന്നു. പരിശോധനക്ക് ശേഷം ക്രിറ്റിക്കല്‍ കെയറിന്റെ റേറ്റിംഗും വളരെ നല്ലത് എന്നതില്‍ നിന്നും ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നതിലേക്ക് താഴ്ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.