ഇന്നാണ് ബജറ്റ് അവതരണം. മാണിയുടെ പതിമൂന്നാം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വലിയ പ്രത്യേകത അതൊന്നുമല്ല. ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയാണ് ഏറ്റവും വലിയ പ്രത്യേകത. പതിമൂന്ന് പേരക്കുട്ടികളുള്ള മാണിയുടെ പതിമൂന്നാം ബജറ്റ് എന്നൊക്കെയുള്ള ബാക്കിയെല്ലാ പ്രത്യേകതകളും അതിന് പിന്നാലെ മാത്രമേ വരൂ.
എന്തായാലും ലോകത്തിലെ മുഴുവന്‍ മലയാളികളും ഉറ്റുനോക്കുന്ന ഒരു ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. അത് അവതരിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടംനേടും. ഏറ്റവും മോശം ബജറ്റ് എന്ന തരത്തിലാവും അത് ഇടംനേടുക. കാരണം ഒരു ബജറ്റ് അവതരണത്തിനുവേണ്ടി മാത്രം ഇത്രയും ഒരുക്കങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും. ഒരുപക്ഷേ, ഇന്ത്യയില്‍തന്നെ ഒരു സംസ്ഥാനത്തും ഇങ്ങനെ ബജറ്റ് അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ടാകില്ല.
രണ്ടും കല്‍പ്പിച്ച് പ്രതിപക്ഷവും ഭരണപക്ഷവും നിലകൊള്ളുമ്പോള്‍ എന്തും സംഭവിക്കാമെന്ന മട്ടില്‍ തലസ്ഥാനം സംഘര്‍ഷാവസ്ഥയിലാണ്. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ നിയമസഭാ വളപ്പില്‍ പോലീസിനെ പ്രവേശിപ്പിക്കുന്നതില്‍ ഡിജിപിക്ക് അനുമതി ലഭിച്ചതായി ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. അതായത് ചരിത്രത്തിലാദ്യമായി നിയമസഭ വളപ്പ് ചോരക്കളമാകാന്‍ പോകുന്നുവെന്ന് സാരം. കാരണം അസാധാരണ സ്ഥിതിഗതികളുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
നിയമസഭ മന്ദിരത്തിലേക്കുള്ള അഞ്ച് വഴികളിലും മൂന്ന് നിരകളില്‍ ബാരിക്കേഡ് ഉയര്‍ത്തിയാണ് പോലീസ് കാവല്‍ നില്‍ക്കുന്നത്. ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചാല്‍ അതിനെ നേരിടാന്‍ വന്‍ പോലീസ് സന്നാഹവുമുണ്ട്. നിറതോക്കുകളുമായി 13 കമ്പനി പോലീസ്, ദ്രുതകര്‍മ്മസേന, എകെ 47 തോക്കുകളുമായി കമാന്‍ഡോകള്‍, കലാപം നിയന്ത്രിക്കാന്‍ മാത്രമായുള്ള സേനാവിഭാഗം എന്നിങ്ങനെ അടിയന്തിരാവസ്ഥക്കാലത്തെ പോലീസ് വാഴ്ചയെ തോല്‍പ്പിക്കുന്ന മട്ടിലാണ് ഒരുക്കങ്ങള്‍.
ഇതെല്ലാം എന്തിനുവേണ്ടിയാണ് എന്ന ചോദിച്ചാല്‍ അഴിമതി ആരോപണം നേരിട്ട മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ വേണ്ടി മാത്രമെന്ന് പറയേണ്ടിവരും. അതാണ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ബജറ്റ് അവതരണമായി ഇത് മാറുമെന്ന വിലയിരുത്തലിന് കാരണം.
2800 പോലീസുകാരാണ് സഭയുടെ പുറത്ത് സുരക്ഷ ഒരുക്കുന്നത്. സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് എന്ന പേരില്‍ 600 പേര്‍ വേറെയുമുണ്ട്. പോലീസ് മേധാവി കെ എസ് ബാലസുബ്രമണ്യം നേരിട്ട് നിയന്ത്രിക്കുന്ന ഓപ്പറേഷന്‍ ബജറ്റ് എന്ന പരിപാടി രാവിലെ മൂന്ന് മണിയോടെ തുടങ്ങി. നിയമസഭയിലേക്കുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവിലെ റോഡ് മുഴുവന്‍ പോലീസ് നിയന്ത്രണത്തിലാക്കി. ഏഴ് കിലോമീറ്റര്‍ ചുള്ളളവില്‍ ബാറുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. അങ്ങനെ പൊതുജീവിതത്തിന്റെ സമസ്ഥ മേഖലകളിലും നിയന്ത്രണങ്ങള്‍ വരുത്തിയാണ് ബജറ്റ് അവതരണത്തിന് സര്‍ക്കാര്‍ തയ്യാറെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല