1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2021

സ്വന്തം ലേഖകൻ: കാബൂളിൽ ഇന്നലെയുണ്ടായ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ സ്​​​​ഫോ​​​ട​​​ന​​​ത്തി​​​ൽ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

“ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. നിങ്ങളെ വേട്ടയാടിപ്പിടിക്കും. ഭീകരവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം നിർത്തില്ല. ഒഴിപ്പിക്കൽ തുടരും,“ വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചാവേർ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായത്. 12 യുഎസ് സൈനികരും ചാവേറുകൾക്ക് ഇരയായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസ് സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കാബൂളിലെ സ്ഫോടനം. നിലവിൽ യുഎസ് സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ് വിമാനത്താവളമുള്ളത്.

പ്രധാന കവാടമായ ആബി ഗേറ്റിനു സമീപം വിദേശരാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന മേഖലയ്ക്ക് സമീപമായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്. മരിച്ചവരിൽ ഭൂരിഭാഗവും അഫ്ഗാൻ പൗരന്മാരാണ്. ഭീകരസംഘടനകള്‍ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും വിമാനത്താവള പരിസരത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും യുഎസും സഖ്യരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഉപസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറേസാൻ ഏറ്റെടുത്തിട്ടുണ്ട്.

ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരെ ഹീറോകളെന്നു വിശേഷിപ്പിച്ച ബൈഡൻ ഓഗസ്റ്റ് 31 വരെ കാബൂളിൽ നിന്ന് രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചു. കാബൂളിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റുമായി താലിബാൻ സഹകരിച്ചതിനു തെളിവില്ലെന്നും ബൈഡൻ പറഞ്ഞു.

ഓഗസ്റ്റ് 31ആണ് വിദേശസേനകൾ അഫ്ഗാൻ വിട്ടുപോകാനുള്ള അവസാന തീയ്യതി. അതായത് ഇനി നാലു ദിവസം മാത്രമാണുള്ളത്. എത്രയും വേഗം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങൾ. അമേരിക്കയുടെ സഹായത്തോടെ കാബൂൾ വിമാനത്താവളം വഴി ഒരുലക്ഷം പേരെയാണ് ഇതുവരെ പുറത്തെത്തിച്ചത്.

ഭീകരാക്രമണ ഭീഷണികളടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നേരത്തെ നിശ്ചയിച്ചതിലും വേഗത്തിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കുന്നത്. നേരത്തെ യാത്രാരേഖകൾ ലഭിച്ചിട്ടുള്ള വ്യക്തികളെ മുഴുവൻ വിമാത്താവളങ്ങളിൽ എത്തിക്കുന്നുണ്ട്. നാറ്റോ സേനയെ സഹായിച്ച അഫ്ഗാനികളായ മുഴുവൻ പേർക്കും വിസ നൽകുമെന്ന വാഗ്ദാനം അമേരിക്കയടക്കം പാലിക്കാൻ തയ്യാറാവുന്നില്ല.

അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി നിരന്തര സമ്പർക്കത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ബോംബ് സ്ഫോടനത്തിന്റെ ഭീതി ഒഴിയുന്നത്തോടെ കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കഴിയും. ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ കാണ്ഡഹാർ വിമാനത്താവളം കൂടി തുറക്കാനുള്ള ഒരുക്കത്തിലാണ് താലിബാൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.