1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2021

സ്വന്തം ലേഖകൻ: വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടു. 2011 ഓഗസ്റ്റിനുശേഷം യുഎസ് സേനയ്ക്കുനേരെ അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ ആശുപത്രി വരാന്തയിലാണു മൃതദേഹങ്ങൾ കിടത്തിയത്.

അതേസമയം, ഇരട്ട സ്ഫോടനം നടന്നിട്ടില്ലെന്നും വിമാനത്താവളത്തിന്റെ കവാടത്തിൽ ഒരു ചാവേർ സ്ഫോടനം മാത്രമാണ് ഉണ്ടായതെന്നും യുഎസ് അറിയിച്ചു. തൊട്ടടുത്ത ഹോട്ടലിലോ പരിസരത്തോ സ്ഫോടനം ഉണ്ടായിട്ടില്ല. ഐഎസ് പുറത്തുവിട്ടതും ഒരു ചാവേറിന്റെ പേര് മാത്രമാണ്.

അഫ്ഗാൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചതു 95 മരണമാണ്. 20 യുഎസ് സൈനികർ ഉൾപ്പെടെ കൊല്ലപ്പെട്ടെന്നാണ് ഐഎസ് അവകാശവാദം. കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കുമെന്നു ഭീഷണി നിലനിൽക്കേ, യുഎസ്–നാറ്റോ സഖ്യത്തിന്റെ ഒഴിപ്പിക്കൽ ദൗത്യം അന്തിമ ഘട്ടത്തിലേക്കു കടന്നു. ഇന്നലെയും പതിനായിരങ്ങൾ രാജ്യം വിടാൻ വിമാനത്താവളത്തിലെത്തി. ആയുധമേന്തിയ താലിബാൻകാർ വിമാനത്താവളത്തിനു മുന്നിൽ സുരക്ഷ ശക്തമാക്കി.

ഈ മാസം 31ന് അകം ഒഴിപ്പിക്കൽ പൂർത്തിയാകുമെന്നു യുഎസ് അറിയിച്ചു. 2020 ലെ ദോഹ കരാർ നടപ്പാക്കാൻ താലിബാൻ പ്രതിജ്ഞാബദ്ധമാണെന്നു നേതാക്കൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ താവളമാക്കാൻ ഐഎസ് അടക്കം ഭീകരസംഘടനകളെ അനുവദിക്കില്ലെന്നാണ് യുഎസുമായുള്ള കരാറിലെ പ്രധാന വ്യവസ്ഥ.

കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ ഐഎസ് നേതാവായിരുന്നു എന്നാണ് സൂചന.

പ്രാഥമിക സൂചനകള്‍ പ്രകാരം തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. 13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഡ്രോണ്‍ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.