1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2021

സ്വന്തം ലേഖകൻ: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ- നടത്തിപ്പ് ചുമതലകള്‍ ഖത്തറും തുര്‍ക്കിയും സംയുക്തമായി നിര്‍വഹിക്കാന്‍ ധാരണയായതായി റിപോര്‍ട്ട്. തുര്‍ക്കി ഒരു സ്വകാര്യ കമ്പനി വഴി എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച്ച അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നതോട് കൂടി ഇത് സംബന്ധമായ കരട് കരാറിന് അന്തിമ രൂപം നല്‍കുമെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട കരാറിന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായും മറ്റ് നാറ്റോ സഖ്യകക്ഷികളുമായും കൂടിയാലോചിച്ച് കരാറിന് അന്തിമ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. താലിബാന്‍ വിമാനത്താവള നടത്തിപ്പ് തുര്‍ക്കിക്ക് നല്‍കാമെന്ന് താലിബാന്‍ സമ്മതിച്ചതായും എന്നാല്‍ സ്വന്തം സൈന്യത്തെ ഉപയോഗിച്ച് സുരക്ഷാ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്ന നിലപാടിലാണ് താലിബാനെന്നും തുര്‍ക്കി പ്രസിഡന്റ് കഴിഞ്ഞ ദിവസം ഒരു ടിവി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ സൈന്യം കാബൂളില്‍ നിന്ന് പിന്‍മാറുന്ന മറുയ്ക്ക് വിമാനത്താവളത്തിന്റെ സുരക്ഷയും നടത്തിപ്പും പൂര്‍ണാര്‍ഥത്തില്‍ ഏറ്റെടുക്കാന്‍ തുര്‍ക്കി നേരത്തേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുമായി തുര്‍ക്കി ഏറെക്കുറെ ധാരണയില്‍ എത്തിയിരുന്നതുമാണ്. എന്നാല്‍, പൊടുന്നനെയുണ്ടായ താലിബാന്‍ മുന്നേറ്റം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കുകയായിരുന്നു. താലിബാന്‍ അധികാരം പിടിച്ച ശേഷവും വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തുര്‍ക്കിക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കിലും സുരക്ഷാ ചുമതല തുര്‍ക്കിക്ക് വിട്ടു നല്‍കില്ലെന്നും അത് തങ്ങള്‍ തന്നെ വഹിക്കുമെന്നുമുള്ള താലിബാന്റെ നിലപാട് തിരിച്ചടിയാവുകയായിരുന്നു നിലപാട്.

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനികരെ തുര്‍ക്കി രാജ്യത്തേക്ക് പിന്‍വലിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പുതിയൊരു സുരക്ഷാ ഏജന്‍സി വഴി എയര്‍പോര്‍ട്ട് നിയന്ത്രണം തുര്‍ക്കിയെ ഏല്‍പ്പിക്കാന്‍ താലിബാന്‍ കരാറില്‍ എത്തിയിരിക്കുന്നത്. അഫ്ഗാനിസ്താനിലെ നിയമാനുസൃത സര്‍ക്കാരായി താലിബാനെ തുര്‍ക്കി അംഗീകരിക്കും.

മാത്രമല്ല തുര്‍ക്കിയും ഖത്തറും ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യം കാബൂള്‍ വിമാനത്താവളം നിയന്ത്രിക്കുകയും ചെയ്യും. മുന്‍ തുര്‍ക്കി സൈനിക, പോലിസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു സ്വകാര്യ കമ്പനി വഴി വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലകള്‍ തുര്‍ക്കി നിര്‍വഹിക്കും.

ഇതിനു പുറമെ, സിവിലിയന്‍ വേഷത്തിലുള്ള തുര്‍ക്കി പ്രത്യക സേനയിലെ അംഗങ്ങള്‍ വിമാനത്താവളത്തിന് അകത്ത് തുര്‍ക്കി ടെക്നിക്കല്‍ സ്റ്റാഫിന് സംരക്ഷണം നല്‍കും. ഈ സേനാ അംഗങ്ങള്‍ വിമാനത്താവള പരിധിക്ക് പുറത്തേക്കു പോകില്ല. തങ്ങളെ സൈനികര്‍ക്ക് അഫ്ഗാനില്‍ തുടരാന്‍ അവസരം ഒരുക്കുന്നതിലൂടെ രാജ്യത്തിന്റെ വാണിജ്യ- വ്യാപാര താല്‍പര്യങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോവാനും സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് തുര്‍ക്കി.

അതേ സമയം, മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ കാബൂള്‍ എയര്‍പോര്‍ട്ട് നടത്തിപ്പിനുള്ള കരാര്‍ കഴിഞ്ഞ ഒക്ടോബറില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരുന്നു. തുര്‍ക്കിയും ഖത്തറും വരുന്ന സാഹചര്യത്തില്‍ യുഎഇ കമ്പനിയുമായുള്ള ഈ കരാറിന്റെ കാര്യത്തില്‍ താലിബാന്‍ തീരുമാനമെടുക്കേണ്ടി വരും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട താലിബാന്റെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

അതേസമയം, കാബൂളിലെ എംബസിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് തുര്‍ക്കി ഇതിനകം അറിയിച്ചിട്ടുണ്ട്. അംബാസഡര്‍ ഉള്‍പ്പെടെയുള്ള പ്രധാന ജീവനക്കാര്‍ ഇപ്പോഴും കാബൂളില്‍ തുടരുന്നുണ്ട്. എംബസിക്ക് സംരക്ഷണം നല്‍കുന്നതും തുര്‍ക്കി പ്രത്യേക സേനയാണ്. തുര്‍ക്കി സൈന്യത്തിന്റെ സേവനം രാജ്യത്തിന്റെ സുരക്ഷാ കാര്യത്തില്‍ വിദേശികള്‍ക്ക് ആത്മവിശ്വാസം പകരാനും വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ഉപകരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.