1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2020

സ്വന്തം ലേഖകൻ: കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോ ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

തന്നെ ഈ നിമിഷത്തിലേക്കെത്തിച്ച അമ്മ ഉള്‍പ്പടെയുളള എല്ലാ സ്ത്രീകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചുകൊണ്ടുളള പ്രസംഗം കമല ആരംഭിച്ചത്. എല്ലാ വിഭാഗത്തിലുമുളള ആളുകളുടെയും പോരാട്ടങ്ങളെ കുറിച്ച് അറിവുളളവളും അനുകമ്പയുളളവളുമാകാന്‍ പഠിപ്പിച്ച് തന്നെ പൊതുസേവനത്തിന്റെ പാതയിലേക്ക് നയിച്ചത് അമ്മയാണെന്ന് കമല പറഞ്ഞു.

അമ്മ ഒരിക്കലും മകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുപോലും ചിന്തിച്ചിട്ടില്ല. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള നിങ്ങളുടെ നാമനിര്‍ദേശം ഞാന്‍ അംഗീകരിക്കുന്നു.

അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെട്ടു. ഒരു നേതാവെന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപ് വന്‍പരാജയമാണെന്ന് പറഞ്ഞ കമല ജോ ബൈഡനായി വോട്ടുചെയ്യാന്‍ അമേരിക്കക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ‘ജോ ബൈഡന്‍ നമ്മെ എല്ലാവരേയും ഒന്നിച്ചുനിര്‍ത്തുന്ന ഒരു പ്രസിഡന്റായിരിക്കും.’ കമല പറഞ്ഞു.

രാജ്യത്തെ തൊഴില്‍ നഷ്ടവും വലിയ ബാങ്കുകളെയും ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കോളേജുകളേയും ഏറ്റെടുക്കാനുളള തന്റെ പോരാട്ടങ്ങളെ കുറിച്ചും പ്രസംഗത്തില്‍ കമല വിശദീകരിച്ചു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് കമല ഹാരിസ് നടന്നുകയറിയത് ഒരു പുതിയ ചരിത്രത്തിലേക്കാണ്. അമേരിക്കയിലെ ഒരു പ്രധാനപാര്‍ട്ടിയുടെ ടിക്കറ്റില്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ആദ്യ കറുത്ത വനിതയാണ് കമല.

വംശീയതക്കെതിരായ പരാമര്‍ശങ്ങള്‍ നിറഞ്ഞതായിരുന്നു കമലയുടെ പ്രസംഗം. ഈ വൈറസ് നമ്മളെയെല്ലാവരേയും സ്പര്‍ശിക്കുന്ന ഈ സമയത്ത് നമുക്ക് സത്യസന്ധരായിരിക്കാം. ഈ വൈറസിന് കണ്ണില്ല, എന്നിട്ടും നാം പരസ്പരം എങ്ങനെയാണ് കാണുന്നത്, എങ്ങനെയാണ് പെരുമാറുന്നത് എന്നുളളത് ഇതിന് കൃത്യമായി അറിയാം. വംശീയതക്കെതിരായി ഒരു വാക്സിനും നിലവിലില്ല. അതുകൊണ്ടുതന്നെ വംശീയത ഇല്ലാതാക്കാനായി അമേരിക്കക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കമല പറഞ്ഞു. ചരിത്രത്തിന്റെ ഗതിമാറ്റാനുളള ഒരു അവസരമെന്നാണ് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തെ കമല വിശേഷിപ്പിച്ചത്.

ഒരു മികച്ച ഭാവിക്കായി രാജ്യം മുഴുവന്‍ ഒന്നായി നില്‍ക്കണം. നാം ഇപ്പോള്‍ തന്നെ അങ്ങനെയാണ്. ഡോക്ടര്‍മാരും, നഴ്സുമാരും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവിതം അപകടത്തില്‍ പെടുത്താന്‍ തയ്യാറായിരിക്കുകയാണ്. അധ്യാപകരും, ട്രക്ക് ഡ്രൈവര്‍മാരും ഉള്‍പ്പടെ മറ്റുമേഖലയിലുളളവരും ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.