1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2020

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മൂര്‍ധന്യതയില്‍ നില്‍ക്കവേ ഡെമോക്രാറ്റിക്ക് വൈസ് പ്രസിഡന്റ് നോമിനിയും ഇന്ത്യന്‍ വംശജയുമായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് കോവിഡ് നിരീക്ഷണത്തില്‍. കമലയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ലിസ് അല്ലെന്‍, ഫ്‌ലൈറ്റ് ക്രൂ അംഗം എന്നിവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആയതാണ് കമലയുടെ പ്രചാരണത്തെ നേരിട്ട് പ്രതിസന്ധിയിലാക്കിയത്. വാരാന്ത്യത്തില്‍ ജോ ബൈഡന്റെ പ്രചാരണത്തിന്റെ കുന്തമുനയായി മുന്നില്‍ നിന്ന കമല ക്വാറന്റീനില്‍ പോകുന്നതോടെ ഡെമോക്രാറ്റുകള്‍ നേരിടുന്നതു വലിയ തിരിച്ചടിയാണ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോസിറ്റിവായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്നില്‍ പോയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വീണു കിട്ടിയ തുറുപ്പു ചീട്ടായി കമലയുടെ സ്റ്റേ അറ്റ് ഹോം മാറും. ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റുള്ളവരുടെ സുരക്ഷയെ പ്രതി പ്രചാരണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായും റാലികളില്‍നിന്നും മാറി നില്‍ക്കുന്നതായും കമല തന്നെയാണ് അറിയിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണു കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ ശ്രമിക്കുന്നുണ്ട്. മാസ്‌ക്കുകള്‍ അഴിക്കാതെയിരുന്നിട്ടും ഭയപ്പെട്ട് ജനങ്ങളില്‍ നിന്നും അകലം പാലിച്ചിട്ടും കമലയ്ക്ക് ക്വാറന്റൈനില്‍ പോകേണ്ടി വന്നുവെന്നും, ഇത്തരമൊരു വ്യക്തിക്കാണോ നിങ്ങളുടെ വോട്ടെന്നും അവര്‍ ചോദിക്കുന്നു. പുരോഗമനവാദിയാണെങ്കില്‍ പോലും രോഗത്തെ ഭയപ്പെടുന്നവര്‍ വീട്ടിലിരിക്കുന്നതു തന്നെയാണ് നല്ലതെന്നും അവര്‍ കളിയാക്കുന്നു.

യുഎസ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കവേ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കെതിരെ കടുത്ത ആരോപണവുമായി റിപ്ലബ്ലിക്കന്‍ അനുഭാവികള്‍. ബൈഡന‌ും കുടുംബത്തിനും എതിരായ വിവാദ ലേഖനത്തിനു ട്വിറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടർന്നാണ് പ്രതിഷേധം.

2016ല്‍ ഹിലരി ക്ലിന്‍റണ്‍ വിജയമുറപ്പിച്ച പ്രീ പോള്‍ സര്‍വേകള്‍ക്കുശേഷം വളരെ പെട്ടെന്നാണ് ഇമെയില്‍ വിവാദം ഉയര്‍ന്നുവന്നത്. സ്വകാര്യ ഇമെയിലുകള്‍ ദുരുപയോഗിച്ചു എന്ന ആരോപണത്തില്‍ എഫ്ബിഐ അന്വേഷണം പുനരാരംഭിച്ചതോടെ ഹിലരിക്ക് അടിപതറി. ഇക്കുറിയും സമാന സ്ഥിതിയാണ്. ബൈഡനു മുന്‍തൂക്കമുറപ്പിച്ച് പ്രീ പോള്‍ സര്‍വേകള്‍ വന്നതിനു പിന്നാലെയാണ് ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ ന്യൂയോര്‍ക്ക് പോസ്റ്റ് ലേഖനമെത്തുന്നത്.

യുക്രെയ്നിലെ ഗ്യാസ് കമ്പനിയുമായുള്ള മകന്റെ വഴിവിട്ട ഇടപാടുകള്‍ക്കു ബൈഡന്‍ സഹായം ചെയ്തത് വ്യക്തമാക്കുന്ന ഇ മെയിലുകളാണ് വിഷയം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നു ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ബൈഡനെയും കുടുംബത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദ ലേഖനം റിപ്ലബ്ലിക്കൻ അനുഭാവികള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയതോടെയാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ലേഖനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലേഖനം പങ്കുവച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിനും വൈറ്റ് ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ വെബ് പേജിനും ട്വിറ്റര്‍ വിലക്കിട്ടതോടെ പ്രതിഷേധം കടുത്തു.

എന്നാല്‍ ലേഖനത്തിലെ ഉള്ളടക്കത്തിന് ആധാരമായ തെളിവുകളില്ലാത്തതിനാലാണു നടപടിയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. കോവിഡ് സംബന്ധിച്ച് ട്രംപിന്‍റെ വിവാദ ട്വീറ്റുകളും ഇപ്രകാരം നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് റിപ്ലബ്ലിക്കൻ അനുഭാവികള്‍ രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.