1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: ഒന്നര മണിക്കൂർ നേരത്തെ ഭരണമാറ്റം.. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറിനിന്നത് കേവലം ഒന്നരമണിക്കൂർ മാത്രം.. എന്നാൽ പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷ്മമായ നീക്കങ്ങളാണ് ആ ഒന്നരമണിക്കൂറിൽ നടന്നത്. അന്നേരം അമേരിക്കയിലുണ്ടായ കൗതുകങ്ങൾ അത്യധികം ആകാംഷയോടെ ലോകം നിരീക്ഷിച്ചു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രത്തലവൻ വൈദ്യപരിശോധനയ്‌ക്കായി ഔദ്യോഗിക വസതി വിട്ടതോടെ യുഎസിൽ നടന്നത് അതിവേഗ നീക്കങ്ങൾ.

അമേരിക്കയുടെ ഭരണകൂടം അതിവിപുലവും അതേസമയം അതീവ രഹസ്യവുമായി നിരവധി തയ്യാറെടുപ്പുകളാണ് നടത്തിയത്. ആഭ്യന്തരവകുപ്പും പെന്റഗണും വളരെ മുന്നേ തയ്യാറെടുത്തിരുന്നു. ഒരു നിമിഷം പോലും പ്രസിഡന്റ് പദവിയിൽ നാഥനില്ലാതിരിക്കാൻ പാടില്ലെന്ന ഭരണഘടനാപരമായ കൃത്യത പാലിക്കാൻ അമേരിക്കൻ സെനറ്റും ദ ഹൗസും ഒരുമിച്ച് കൂടി. താൽക്കാലിക ചുമതല വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഏൽപ്പിച്ചത് തന്നെ ചരിത്രമുഹൂർത്തമായി.

ഇന്ത്യൻ വംശജകൂടിയായ കമല ഒന്നരമണിക്കൂർ നേരം അമേരിക്കയുടെ പ്രസിഡന്റായി എന്നതിനേക്കാൾ ഒരു വനിതയാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്നത് എന്ന കാര്യം ഏറെ പ്രത്യേകതകൾ നിറഞ്ഞതായി. ഭരണപരമായി സ്വാഭാവികമെന്ന് പലർക്കും തോന്നാവുന്ന താൽക്കാലിക അധികാര കൈമാറ്റമായിരുന്നില്ല അവിടെ നടന്നത്. അതിനപ്പുറം ലോകത്തിലെ ഏറ്റവും ശക്തമെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കൻ പ്രതിരോധ വകുപ്പ് സ്വീകരിച്ച തയ്യാറെടുപ്പുകളാണ് ശ്രദ്ധനേടിയത്. ചുമതലയിൽ കമലാഹാരിസാകുമെന്ന് തീരുമാനിച്ചതോടെ പ്രതിരോധ വകുപ്പുകളുടെ സുരക്ഷാ വിഭാഗങ്ങൾ സജ്ജമായി.

അമേരിക്കയുടെ ആണവപോർമുനകളുടേയും ബഹിരാകാശ ചാരഉപഗ്രഹങ്ങളുടേയും മുഴുവൻ സൈനിക വിഭാഗങ്ങളുടേയും നിർണ്ണായക ചുമതല പ്രസിഡന്റിനാണ്. അത്തരം അതിസങ്കീർണമായ എല്ലാ ചുമതലകളും ഒന്നരമണിക്കൂർ നേരത്തേക്കാണെങ്കിലും കമലാ ഹാരിസിലേക്ക് കൈമാറപ്പെട്ടു. എല്ലാ സൈനിക മേധാവികളും കമലാഹാരിസിന് മുന്നിൽ ഹാജരായി. പ്രതിരോധ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സ്റ്റേറ്റ് സെക്രട്ടറിയും താൽക്കാലിക പ്രസിഡന്റിന്റെ വസതിയിൽ സന്നിഹിതരായി. എല്ലാ പ്രതിരോധ രേഖകളിലും ഒപ്പിടേണ്ടതും നിർണായക തീരുമാനമെടുക്കേണ്ടതും കമലാഹാരിസ് എന്ന താൽക്കാലിക പ്രസിഡന്റാണെന്നത് നിസ്സാര കാര്യമായിരുന്നില്ല.

ലോകമെമ്പാടുമുള്ള അമേരിക്കയുടെ സുരക്ഷാ സൈനിക മേധാവികൾക്കും ചാരസംഘടനകൾക്കും അതീവ രഹസ്യമായി മുമ്പേ തന്നെ വിവരം കൈമാറിയിരുന്നു. പെന്റഗണിലെ എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും പ്രസിഡന്റിന്റെ ഓഫീസ് നിർദേശങ്ങൾക്ക് കാതോർത്തു. ബഹിരാകാശ സുരക്ഷയിൽ ഏറെ മുന്നേറിയ അമേരിക്കയുടെ മദ്ധ്യേഷ്യയിലുള്ള ഉപഗ്രഹ പ്രതിരോധ നിലയങ്ങളടക്കം ഒന്നരമണിക്കൂർ പുതിയ ഭരണാധികാരിയുടെ ഏതു നിർദ്ദേശവും പാലിക്കാൻ തയ്യാറെടുത്തിരുന്നു.

കമലാഹാരിസിനെയാണ് തങ്ങളുടെ വിവരങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതെന്ന് പസഫിക്കിലേയും അറ്റ്ലാന്റിക്കിലേയും കപ്പൽപടയടക്കം അറിഞ്ഞിരുന്നു. ആഗോളതലത്തിൽ സേവനം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ അമേരിക്കൻ എംബസികളും സ്ഥാനപതിമാരും വെർച്വൽ സംവിധാനത്തിലൂടെ വാഷിംഗ്ടണുമായി ബന്ധപ്പെട്ടാണ് തയ്യാറായിരുന്നത്. എല്ലാ അമേരിക്കൻ വിമാനങ്ങളും ക്രൂയിസ് കപ്പലുകളും മറ്റ് ചരക്കുകപ്പലുകളുമടക്കം രാജ്യത്തു നിന്ന് പുറത്തേക്ക് സേവനം നടത്തുന്ന എല്ലാ സംവിധാനങ്ങൾക്കും നിർദ്ദേശം എത്തിയിരുന്നു.

ഒന്നരമണിക്കൂർ നേരം ആരായിരിക്കും പ്രസിഡന്റ് എന്ന സൂചന അതാത് മന്ത്രാലയങ്ങൾ എല്ലാ സേവനമേഖലകൾക്കും കൈമാറിയ ഒരുദിനമാണ് കടന്നുപോയത്. ഒരു രാജ്യത്തിന്റെ ഭരണസാരഥികൾ ഓരോ നിമിഷവും വഹിക്കുന്ന സുപ്രധാനവും സുരക്ഷാ പരവും അതേസമയം അതീവരഹസ്യവുമായ കടമകൾ എടുത്തുകാട്ടുന്നതായിരുന്നു 85 മിനിറ്റുകൾ മാത്രം നീണ്ടു നിന്ന അമേരിക്കയിലെ അധികാര കൈമാറ്റം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.