
സ്വന്തം ലേഖകൻ: മൂന്നു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമം. യുഎസിന്റെ 46–ാം പ്രസിഡന്റായി ഡമോക്രാറ്റ് സ്ഥാനാർഥിയും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും യുഎസ് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സ്ഥാനമുറപ്പിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് കമല.
മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ ഡോണൾഡ് ഹാരിസും വേർപിരിഞ്ഞ ശേഷം, ഇന്ത്യയുടെ ഉൾത്തുടിപ്പുകളറിഞ്ഞും കറുത്തവർഗക്കാരിയായി സ്വയം തിരിച്ചറിഞ്ഞുമാണ് കമലയെന്ന പോരാളി വളർന്നത്. ലിഫോർണിയയിലെ നിരത്തിൽ കുട്ടിക്കാലത്ത് അനുജത്തിയുമൊത്തു സ്‌കൂൾ ബസ് കാത്തുനിൽക്കുമ്പോൾ, കറുത്തവർഗക്കാരെന്ന നിലയിൽ അനുഭവിച്ചിട്ടുള്ള അവഹേളനവും പരിഹാസവും ആ പെൺകുട്ടി ഒരിക്കലും മറന്നില്ല. പൗരാവകാശ പ്രവർത്തകരായിരുന്ന മാതാപിതാക്കളിൽനിന്നു ലഭിച്ച പോരാട്ട വീര്യം ആളിക്കത്തിക്കുന്നതായിരുന്നു പൊള്ളുന്ന ആ അനുഭവങ്ങൾ.
1964 ഒക്ടോബർ 20 നു കലിഫോർണിയയിലെ ഓക്‌ലൻഡിലാണു കമലയുടെ ജനനം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്‌സ് കോളജിൽനിന്നു നിയമബിരുദം 1989ൽ. ഓക്‌ലൻഡിൽ ഡിസ്ട്രിക്ട് അറ്റോർണിയായാണു കരിയർ തുടക്കം. 2010 കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി. യുഎസ് സെനറ്റിലെത്തുന്നത് 2016ൽ. അറ്റോർണിയായ ഡഗ്ലസ് എംഹോഫിനെ 2014ൽ വിവാഹം ചെയ്തു.
ഡമോക്രാറ്റ് പാർട്ടിയുടെ ആധുനിക മുഖം കമലയുടേതാണ്. യുവത്വവും വംശീയവൈവിധ്യവുമാണ് പാർട്ടിയുടെ കരുത്ത്. ഡമോക്രാറ്റ് പാർട്ടിയിലെ ഇടതുനിരയോട് അനുഭാവം പുലർത്തുന്നതാണു കമലയുടെ നിലപാടുകൾ. സൗജന്യ കോളജ് വിദ്യാഭ്യാസം, ഗ്രീൻ ന്യൂ ഡീൽ പരിസ്ഥിതി പദ്ധതി, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയ പദ്ധതികൾക്ക് അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ പണമിടപാടുകാരുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായ കേസിൽ കലിഫോർണിയയ്ക്കുവേണ്ടി വാദിച്ചു വിജയം കണ്ടതാണു കമലയെ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. കേസുകളിൽ നിലപാടെടുക്കാൻ കമല എന്നും ‘സ്മാർട്’ ആയിരുന്നു. ഗുണ്ടാ സംഘങ്ങൾക്കും ലഹരിമരുന്നു സംഘങ്ങൾക്കും പീഡകർക്കുമെതിരെ അവർ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ശിക്ഷ വിധിച്ചു. സെനറ്റിലെത്തിയ ശേഷം ഇന്റലിജൻസ് കമ്മിറ്റിയിലും ജുഡീഷ്യറി കമ്മിറ്റിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച കമല നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ എന്നും പൊലീസിനെ പിന്തുണക്കുകയാണ് പതിവ്. ഈ നിലപാട് മനുഷ്യാവകാശലംഘനം അടക്കമുള്ള കടുത്ത വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല