1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2018

സ്വന്തം ലേഖകന്‍: പ്രശസ്ത കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. 66 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ, ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മലയാളികള്‍ക്ക് സുപരിചിതയായ നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ.

മണ്ഡ്യയിലെ മദ്ദൂര്‍ ദൊഡ്ഡരസിനക്കെരെയില്‍ 1952 മെയ് 29ന് ജനിച്ച അംബരീഷ് 70കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കന്നഡ സിനിമയിലെ സൂപ്പര്‍ താരമായത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്. 250ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അംബരീഷ് മലയാള സിനിമയിലും വേഷമിട്ടു.

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചിത്രത്തില്‍ നായകനായി. സുപ്രസിദ്ധ വയലിന്‍ വിദ്വാന്‍ ടി.ചൗഡയ്യയുടെ പേരമകനാണ് അംബരീഷ്. അഭിഷേക് ഗൗഡയാണ് മകന്‍. 1994ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച അംബരീഷ് പാര്‍ട്ടി സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് 96ല്‍ കോണ്‍ഗ്രസ് ജനതാദളില്‍ ചേര്‍ന്നു. 1998ലെ പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയില്‍ നിന്നും രണ്ട് തവണ കൂടി ലോക്‌സഭയിലേക്ക് ജയിച്ചു. 2006ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.

കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോചാരം അര്‍പ്പിച്ചു. കന്നഡ ചലച്ചിത്ര താരങ്ങളായ പുനീത് രാജ്കുമാര്‍, ദുനിയ വിജയ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. കേന്ദ്രമന്ത്രി സദാനന്ദഗൗഡ, തെന്നിന്ത്യന്‍ ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.