
സ്വന്തം ലേഖകൻ: സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് തീരുമാനം നീട്ടിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രതിസന്ധിയില്‍. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ ആഭ്യന്തര സർവീസിനായി ഇനി ഇൻഡിഗോ മാത്രമാണ് ആശ്രയം. രാജ്യാന്തര യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസും.
ഈ മാസം മൂന്നാം തീയതിയാണ് ഗോ ഫസ്റ്റ് വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിയത്. പലതവണ നീട്ടിവച്ച് ഒടുവില്‍ ഈ വെള്ളിയാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കമ്പനി പിന്നീട് അറിയിച്ചു. എന്നാല്‍ തീയതിയുടെ കാര്യത്തില്‍ സംശയമുണ്ടെന്നും സർവീസുകൾ എന്ന് തുടങ്ങുമെന്ന് ഉറപ്പ് പറയാനാകില്ലെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടിസിന് നൽകിയ മറുപടിയിൽ ഗോ ഫസ്റ്റ് വ്യക്തമാക്കി.
അമേരിക്കൻ വിമാന എൻജിൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയെ പഴി ചാരുന്ന ഗോ ഫസ്റ്റ്, സാങ്കേതിക തകരാറുള്ള എൻജിൻ നൽകിയതിനാലാണ് വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നതെന്നാണ് വിശദീകരിക്കുന്നത്. ഏഴായിരത്തോളം ജീവനക്കാരുള്ള രാജ്യത്തെ ചെലവുകുറഞ്ഞ വിമാനകമ്പനിയായ ഗോ ഫസ്റ്റിനെ നിലവില്‍ പാപ്പരായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല