1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2017

 

സ്വന്തം ലേഖകന്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെ കസാനക്കോട്ട, തായത്തെരു റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു സമീപം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. ഇതിനുശേഷം തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ പുലിയെ രാത്രി 10.50ഓടെയാണ് പിടികൂടിയത്. പുലിയിറങ്ങിയതറിഞ്ഞ് ആയിരങ്ങള്‍ തടിച്ചുകൂടിയതിനാല്‍ അപകടമൊഴിവാക്കുന്നതിന് നിരോധനാജ്ഞ പുറപ്പെടുവിച്ചാണ് പുലിയെ വലയിലാക്കിയത്.

കണ്ണൂര്‍ കോര്‍പറേഷന്റെ തായത്തെരു ഡിവിഷനിലെ കസാനക്കോട്ട കുന്നില്‍ ഹുജറക്കു സമീപമാണ് പുലിയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളംവെച്ചതോടെ ഓടിയ പുലി നവീദിനെയും കോട്ടയില്‍ പള്ളിക്കു സമീപമുള്ള വീട്ടില്‍ നിര്‍മാണജോലിയിലേര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി മനാസിനെയും ആക്രമിക്കുകയായിരുന്നു. എന്നാല്‍ ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പുലി റെയില്‍വേ ട്രാക്കിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ ഒളിച്ചു. സംഭവമറിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്തെിയത്.

പറമ്പിനു സമീപത്തെ വീടുകള്‍ക്കു മുകളിലും റെയില്‍വേ ട്രാക്കിലും ജനങ്ങള്‍ തിങ്ങിക്കൂടി. ആളുകളുടെ ബഹളം കാരണം ഇടക്ക് അക്രമാസക്തമായി പുറത്തിറങ്ങിയ പുലി പിന്നീട് കുറ്റിക്കാട്ടിനുള്ളിലേക്ക് തന്നെ മടങ്ങി. അഞ്ച് മണിയോടെ വനംവകുപ്പിന്റെ സ്‌പെഷല്‍ ഫോഴ്‌സ് എത്തിയെങ്കിലും ഇവര്‍ക്ക് പുലിയെ പിടിക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ തിങ്ങിക്കൂടിയത് പ്രശ്‌നമാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതോടെ വൈകീട്ട് ആറുമണിയോടെയാണ് ജില്ല കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

പുലി ചാടിപ്പോകാതിരിക്കാന്‍ ഒളിച്ച പുരയിടത്തിനുചുറ്റും വലകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. രാത്രി 10.30 ഓടെ മയക്കുവെടി വിദഗ്ധന്‍ വയനാട് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സക്കറിയ പുലിയെ വെടിവെച്ചു മയക്കി. പുലി മയങ്ങിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം നീക്കം ചെയ്യുകയും ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങിയത് ജനങ്ങളേയും അധികൃതരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.