സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ തിരക്കിന് ആശ്വാസമായി പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്തയാഴ്ച തുറക്കും. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ച ടെര്‍മിനലാണ് അടുത്തയാഴ്ച മുതല്‍ ട്രയല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ പുറത്തിറങ്ങാനായുള്ള മണിക്കൂറുകള്‍ നീളുന്ന കാത്തുനില്‍ക്കുന്നതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അവസാന മിനുക്കുപണികളും പൂര്‍ത്തിയാക്കി ജൂലൈ 31 ഓടെ വിമാനത്താവള അതോറിറ്റിക്ക് കൈമാറും. 17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലുള്ള ടെര്‍മിനലില്‍ 916 യാത്രക്കാരെയാണ് ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുക. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.
44 ചെക്ക് ഇന്‍ കൗണ്ടര്‍, 48 എമിേഗ്രഷന്‍ കൗണ്ടര്‍, 20 കസ്റ്റംസ് കൗണ്ടര്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ ടെര്‍മിനലില്‍ വി.ഐ.പി ലോഞ്ചും ഉള്‍പ്പെടുത്തി. കരിപ്പൂരില്‍ ആദ്യമായാണ് വി.ഐ.പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ പൂര്‍ണമായും ഇനി മുതല്‍ അന്താരാഷ്ട്ര പുറപ്പെടല്‍ കേന്ദ്രമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല