
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്.
ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്. അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തുക എത്രയും വേഗം കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് ഹരജി തീര്‍പ്പാക്കി. രണ്ടു വയസ്സുകാരിക്ക് നല്കുന്ന നഷ്ടപരിഹാരത്തുകയില്‍ ഹരജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു. തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
വിമാനപകടത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. 2020 ഓഗസ്റ്റിലാണ് അപകടമുണ്ടായത്.
അതിനിടെ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കൾ നഷ്ടപരിഹാരം തേടി രാജ്യാന്തര കോടതികളെ സമീപിക്കാൻ ഒരുങ്ങുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്. മരണപ്പെട്ടവരുടെ 16 കുടുംബങ്ങളും ഗുരുതരമായി പരിക്കേറ്റവരുമാണ് രാജ്യാന്തര കോടതിയിലേക്ക് നീങ്ങുന്നത്.
ദുബൈ കോടതിയിലും ഷികാഗോ കോടതിയിലുമാണ് കേസ് നൽകുന്നത്. ആദ്യപടിയായി അപകടത്തിൽ മരിച്ച മണ്ണാർക്കാട് സ്വദേശിയായ രണ്ടു വയസ്സുകാരിയുടെയും ഗുരുതര പരിക്കേറ്റ മാതാവിെൻറയും കേസാണ് നൽകുന്നത്. എയർ ഇന്ത്യ എക്സ്പ്രസിനും ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കും അപകടത്തിൽപെട്ട വിമാനത്തിെൻറ നിർമാതാക്കളായ ബോയിങ്ങിനും ലീഗൽ നോട്ടീസ് അയച്ചു. ഈ സ്ഥാപനങ്ങളുടെ പ്രധാന ഓഫിസുകൾ യു.എ.ഇയിലുണ്ട്.
അപകടത്തിെൻറ ഇരകൾ ബഹുഭൂരിഭാഗവും യു.എ.ഇയിലായതും വിമാനം പുറപ്പെട്ടത് ദുബൈയിൽനിന്നായതിനാലും നിയമനടപടികൾക്ക് കാലതാമസമുണ്ടാവില്ലെന്നതും കണക്കാക്കിയാണ് ദുബൈ കോടതിയെ സമീപിക്കുന്നതെന്ന് ഇരകളുടെ കൂട്ടായ്മ അറിയിച്ചു. വിമാനത്തിെൻറ നിർമാതാക്കളായ ബോയിങ്ങും നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിയായതിനാൽ അവരുടെ ആസ്ഥാനം നിലകൊള്ളുന്ന യു.എസിലെ ഷികാഗോ കോടതിയിലും കേസ് ഫയൽ ചെയ്യും.
മംഗളൂരു വിമാനാപകട ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ത്യയിലെ കോടതികളിൽ അനന്തമായി നീണ്ടുപോയതും ഇവരെ രാജ്യാന്തര കോടതികളെ സമീപിക്കാൻ പ്രേരിപ്പിച്ചു. മരണപ്പെട്ട രണ്ടു വയസ്സുകാരിക്കും ഗുരുതര പരിക്കേറ്റ മാതാവിനും കൂടി 70 ലക്ഷം ഡോളർ ആണ് നഷ്ടപരിഹാരമായി എയർ ഇന്ത്യ എക്സ്പ്രസിനോടും ബോയിങ് വിമാന കമ്പനിയോടും ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല