1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2022

സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനാപകടം സംഭവിച്ച് രണ്ട് വര്‍ഷം തികയുന്ന സമയത്ത് കരിപ്പൂരുകാര്‍ക്ക് 50 ലക്ഷത്തോളം രൂപ മുടക്കി ആശുപത്രി നിര്‍മിക്കാന്‍ വിമാനത്തിലെ യാത്രക്കാര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിനാണ് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ചു നല്‍കുന്നത്.

ഓഗസ്റ്റ് ഏഴാം തീയതി കരിപ്പൂരിലെ അപകട സ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറുമെന്ന് എംഡിഎഫ് കരിപ്പൂര്‍ ഫ്‌ളൈറ്റ് ക്രാഷ് ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ കണ്‍വീനര്‍ സജ്ജാദ് ഹുസൈന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കരിപ്പൂര്‍ വിമാനാപകത്തില്‍ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. കരിപ്പൂരിലെ ദുരന്തത്തില്‍ പ്രദേശവാസികളുടെ കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കോവിഡ് ഭീതി കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന കാലത്തായിരുന്നു കരിപ്പൂരിലും പരിസരപ്രദേശത്തുള്ളവരും ദുരന്തസ്ഥലത്തേക്ക് ഓടിയെത്തിയത്. വിമാനത്തിലെ അവസാന ആളെ വരെ പുറത്തെടുത്ത് എല്ലാ ചികിത്സാസഹായവും ഉറപ്പുവരുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അവരെല്ലാം വീടുകളിലേക്ക് മടങ്ങിയത്.

ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങിയ പ്രദേശവാസികള്‍ക്ക് പ്രത്യുപകാരമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് കൂട്ടായ്മയുടെ ലീഗല്‍ കണ്‍വീനറായ സജ്ജാദ് ഹുസൈന്‍ പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന ആലോചന വന്നതോടെ അംഗണവാടി കെട്ടിടം, ലൈബ്രറി തുടങ്ങിയ പല നിര്‍ദേശങ്ങളും വന്നിരുന്നു. ഇതിനിടെയാണ് അപകടസ്ഥലത്തിന് സമീപത്തെ ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുറിച്ച് ചര്‍ച്ച വന്നത്.

2020 ഓഗസ്റ്റ് ഏഴാം തിയതിയാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 വിമാനം കരിപ്പൂരില്‍ അപകടത്തില്‍പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പൈലറ്റുമാര്‍കകും കുട്ടികള്‍ക്കും ഉള്‍പ്പെടെ 19 യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.