1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയുമായി ഇന്ത്യയുടെ പുതിയ എയർ ബബ്ൾ കരാർ ജനുവരി 1 മുതല്‍ ആണ് നിലവില്‍ വന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് എയർ ബബ്ൾ കരാർ അടിസ്ഥാനത്തിൽ സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആണ് റിപ്പോർട്ടുകൾ എത്തിയത്.

എന്നാൽ ജനുവരി 11 മുതൽ കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഫ്ലൈ നാസും ഇൻഡിഗോയുമാണ് കരിപ്പൂരിൽ നിന്നും സർവിസ് നടത്തുക. ഫ്ലൈ നാസ് റിയാദിലേക്കും, ഇൻഡിഗോ ജിദ്ദ, ദമ്മാമിലേക്കുമാണ് സർവിസ് നടത്തുന്നത്. കൊവിഡ് പടർന്നു പിടിക്കുന്നതിന് മുമ്പ് നിർത്തിയ സർവിസാണ് ഫ്ലൈ നാസ് പുനരാരംഭിക്കുന്നത്. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

റിയാദ് സെക്ടറിൽ ആഴ്ചയിൽ മൂന്ന് സർവിസാണ് ഉണ്ടായിരിക്കുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് റിയാദിൽ നിന്നും വിമാനങ്ങൾ എത്തുന്നത്. രാവിലെ 7.30ന് ആണ് വിമാനങ്ങൾ എത്തുക. ഇത് രാവിലെ 8.30ന് തന്നെ മടങ്ങും. കൂടാതെ ജിസാൻ, അബഹ, ജിദ്ദ, ദമ്മാം, മദീന, അൽഹസ തുടങ്ങിയ സൗദിയിലെ പ്രധാന നഗരങ്ങളിലേക്ക് എല്ലാം സർവിസിന് കണക്ഷൻ വിമാനം ലഭിക്കുമെന്നും ഫ്ലൈ നാസ് അധികൃതർ അറിയിച്ചതായി മാധ്യമം റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ ജിദ്ദയിലേക്ക് തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി 9.30നാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇത് രാവിലെ 10.40ന് തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദമ്മാമിൽ നിന്നുള്ള വിമാനം 7. 35 ന് എത്തും. ഇത് രാവിലെ 8.35ന് മടങ്ങും. നിലവിൽ ചാർട്ടർ സർവിസുകളാണ് നടത്തുന്നതെന്നും എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.

സൗദി യാത്രക്ക് മുമ്പ് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം. ദേശീയ വിമാന കമ്പനികളായ എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും സര്‍വീസിന് ഒരുങ്ങുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിക്ഷേധിച്ചതാണ് ഇവിടേക്കുള്ള സർവീസ് നഷ്ടപ്പെടാൻ കാരണം.

വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മാത്രമേ സൗദി എയര്‍ലൈന്‍സിന്റെ വിമാനങ്ങൽ കരിപ്പൂരിൽ ഇറക്കാൻ സാധിക്കുകയുള്ളു. സൗദി എയർലൈൻസിന്റെ പിൻമാറ്റം വലിയ പ്രതിസന്ധി പ്രവാസികൾക്ക് ഉണ്ടാക്കിയെങ്കിലും ചാർട്ടർ സർവിസുകൾ ആരംഭിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.