1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2018

സ്വന്തം ലേഖകന്‍: ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് പാഠം പഠിക്കണം,’ മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയുടെ രാജിക്കു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ‘രാജ്യത്തേക്കാള്‍ വലുതല്ല പ്രാധാനമന്ത്രി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണ് ബിജെപി. കര്‍ണാടകത്തിലെ അനുഭവത്തില്‍നിന്ന് അവര്‍ പാഠം പഠിക്കണമെന്നും,’ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രി മോദിയുടെ അറിവോടെയാണ്. പ്രധാനമന്ത്രി അഴിമതി വളര്‍ത്തുകയാണ്. മോദി തന്നെ ഒരു അഴിമതിക്കാരനാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അധികാരമോ പണമോ അല്ല പ്രധാനമെന്ന് കോണ്‍ഗ്രസ് തെളിയിച്ചു,’ രാഹുല്‍ പറഞ്ഞു. ബിജെപിയുടെ കുതിരക്കച്ചവടത്തെ പരാജയപ്പെടുത്തിയ കര്‍ണാടകത്തിലെ എല്ലാ ജനങ്ങള്‍ക്കും ദേവഗൗഡയ്ക്കും രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.

‘പരിധിയില്ലാത്ത ധാര്‍ഷ്ട്യമാണ് ബിജെപി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഇച്ഛയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും. രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. മാധ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ബിജെപി ആക്രമിക്കുകയാണ്. എല്ലാവര്‍ക്കും അത് അനുഭവപ്പെടുന്നുണ്ട്. ഏകാധിപതിയുടെ സ്വഭാവമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നത്. രാജ്യത്തേക്കള്‍, ജനങ്ങളേക്കാള്‍, സുപ്രീം കോടതിയേക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്ന് അദ്ദേഹം മനസ്സിലാക്കണം.

ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ഒരു അതിരുണ്ടെന്നും ബിജെപിയും ആര്‍എസ്എസും ഒരു പാഠം പഠിക്കണമെന്നും ജനങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. ബിജെപിയില്‍നിന്ന് ഞങ്ങള്‍ രാജ്യത്തെ രക്ഷിക്കും. കര്‍ണാടകയിലെ ജനങ്ങളെ രക്ഷിക്കുകയായിരുന്നു കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ വ്യവസ്ഥിതികളെയും നിയന്ത്രിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അധികാരം പ്രധാനമന്ത്രിയുടെയും ആര്‍എസ്എസിന്റെയും കൈകളിലാണ്. ഗവര്‍ണര്‍ രാജിവച്ചാലും അടുത്തയാളെത്തി ഇതേകാര്യങ്ങള്‍ തന്നെ തുടരുമെന്നും,’ രാഹുല്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.