1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2023

സ്വന്തം ലേഖകൻ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്‌. മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-ന് വോട്ടെണ്ണല്‍. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി.

ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 13-നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രില്‍ 20-ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 21ന് സൂക്ഷമപരിശോധന. നാമനിര്‍ദശേ പത്രിക പിന്‍വലിക്കാനുള്ള അവസാ തീയതി ഏപ്രില്‍ 24 ആണ്.

രാഷ്ട്രീയ നാടകങ്ങളുടേയും പരീക്ഷണങ്ങളുടേയും വേദിയായ കര്‍ണാടക ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്.

സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉള്‍പ്പടെയുള്ള 124 സ്ഥാനാര്‍ഥികളുടെ ആദ്യ ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെഡിഎസിന്റെ ആദ്യ ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 224 അംഗ കര്‍ണാടക നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനായിരുന്നില്ല. 104 സീറ്റ് ലഭിച്ച ബിജെപിയായിരുന്ന ഏറ്റവും വലിയ ഒറ്റകക്ഷി, കോണ്‍ഗ്രസിന് 80-ഉം ജനതാദള്‍ എസിന് 37 സീറ്റുകളും ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറിയെങ്കിലും വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദ്യൂരപ്പ രാജിവെച്ചു.

തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകുകയായിരുന്നു. എന്നാല്‍, 14 മാസത്തിന് ശേഷം ജെഡിഎസിലേയും കോണ്‍ഗ്രസിലേയും എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കുമാരസ്വാമി സര്‍ക്കാര്‍ വീണു.

2019-ല്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നു. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കിടെ 2021-ല്‍ യെദ്യൂരപ്പയെ മാറ്റി ബിജെപി നേതൃത്വം ബി.എസ്.ബൊമ്മയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. മറുകണ്ടം ചാടലുകള്‍ക്കും ഉപതിരഞ്ഞെടുപ്പുകള്‍ക്കും ശേഷം നിലവില്‍ ബിജെപിക്ക് 121 എംഎല്‍എമാരാണ് കര്‍ണാടകയില്‍ ഉള്ളത്. കോണ്‍ഗ്രസിന് 70 ഉം ജെഡിഎസിന് 30- ഉം എംഎല്‍എമാരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.